Asianet News MalayalamAsianet News Malayalam

ലോകായുക്ത നിയമ ഭേദ​ഗതി; ഓ‌ർഡിനൻസിൽ ഒപ്പിടരുത്, ഗവർണ്ണറെ കണ്ട് പ്രതിപക്ഷം; ചർച്ച ചെയ്യാതെ മന്ത്രിസഭ

ഓർഡിനൻസ് ചട്ടവിരുദ്ധവും കോടതി വിധികളുടെ ലംഘനമാണെന്ന് വിവിധ കേസുകളുൾ ചൂണ്ടിക്കാട്ടിയാണ് ഗവർണ്ണറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ലോക്പാൽ നിലവിൽ വന്നിരിക്കെ സമാന നിയമത്തിൽ സംസ്ഥാനങ്ങൾക്ക് ഭേദഗതി വരുത്താനാകില്ല. 

opposition met governor not to sign the ordinance amending the lokayukta act
Author
Thiruvananthapuram, First Published Jan 27, 2022, 1:02 PM IST

തിരുവനന്തപുരം: ലോകായുക്ത നിയമം (Lokayuktha Act) ഭേദഗതി ചെയ്തുള്ള ഓ‌ർഡിനൻസിൽ ഒപ്പിടരുതെന്നും രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം (Opposition) ഗവർണ്ണറെ കണ്ടു. നിയമസഭ പാസ്സാക്കിയ നിയമത്തിൽ ഭേദഗതിക്ക് കോടതിക്ക് മാത്രമേ അധികാരമുള്ളൂ എന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് വി ഡി സതീശൻ (V D Satheeshan)  നിയമമന്ത്രിയുടെ ന്യായീകരണങ്ങൾ വീണ്ടും തള്ളി.  

ലോകായുക്തയുടെ അധികാരം കവരുന്ന ഓർഡിനൻസിനെതാരിയ പ്രതിഷേധം കടുപ്പിക്കുന്നതിൻറെ ഭാഗമായാണ് പ്രതിപക്ഷം ഗവർണ്ണറെ കണ്ടത്. മുഖ്യമന്ത്രിക്കും ആർ ബിന്ദുവിനുമെതിരായ ലോകായുക്തയിലുള്ള കേസുകളാണ് ഓർഡിനൻസിന് പിന്നില്ലെന്ന ആക്ഷേപമാണ് പ്രതിപക്ഷം ആവർത്തിക്കുന്നത്. ഓർഡിനൻസ് ചട്ടവിരുദ്ധവും കോടതി വിധികളുടെ ലംഘനമാണെന്ന് വിവിധ കേസുകളുൾ ചൂണ്ടിക്കാട്ടിയാണ് ഗവർണ്ണറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ലോക്പാൽ നിലവിൽ വന്നിരിക്കെ സമാന നിയമത്തിൽ സംസ്ഥാനങ്ങൾക്ക് ഭേദഗതി വരുത്താനാകില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ ക്വാവാറണ്ടോ കേസ് നിലനിൽക്കുമെന്ന ജയലളിത കേസിലെ വിധിയും നിയമസഭ പാസ്സാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണോ എന്ന് പരിശോധിക്കേണ്ടത് കോടതിയാണെന്ന് സുപ്രീം കോടതി വിധിയും ഉന്നയിച്ചാണ് നിയമമമന്ത്രിയുടെ വാദങ്ങളെ പ്രതിപക്ഷം തള്ളുന്നത്. 

വിവാദം ശക്തമാകുമ്പോഴും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ഓർഡിനൻസ് ചർച്ച ചെയ്തില്ല.  ഓർഡിനൻസിനെതിരെ കാനം രാജേന്ദ്രൻ പരസ്യവിമർശനം ഉന്നയിച്ചെങ്കിലും സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ ഒന്നും പറഞ്ഞില്ല. ഗവർണ്ണറുടെ നിലപാട് അറിഞ്ഞ് തുടർനടപടി എന്നാണ് സർക്കാർ സമീപനം.

അതിനിടെ സർക്കാർ ഇന്ന് കൊണ്ടുവന്ന ഭേദഗതിയെ 1999ൽ ഇടത് നേതാക്കൾ എതിർത്തിരുന്നുവെന്ന നിയമസഭാ രേഖകളും പുറത്തായി. 99ൽ നായനാർ സർക്കാറിൻറെ കാലത്ത് ആദ്യം നിയമസഭയിൽ അവതരിപ്പിച്ച ലോകായുക്ത നിയമത്തിൻറെ കരടിൽ ഇന്ന് സർക്കാർ കൊണ്ടുവന്ന ഭേദഗതിയും ഉണ്ടായിരുന്നു. ലോകായുക്ത ഉത്തരവിനെ ഗവർണ്ണർ അല്ലെങ്കിൽ മുഖ്യമന്ത്രിക്ക് തിരുത്താമെന്ന വ്യവസ്ഥക്കെതിരെ ജി. സുധാകരൻ, ആനത്തലവട്ടം ആനന്ദൻ അടക്കമുള്ള ഇടത് അംഗങ്ങൾ അന്ന് ശക്തമായി എതിർത്തുവെന്നാണ് സഭാ രേഖകളിലുള്ളത്. പൊതുപ്രവർത്തകർ കുറ്റം ചെയ്തെന്ന് ലോകായുക്ത പറഞ്ഞാൽ പിന്നെ പദവിയിൽ തുടരുന്നത് അപമാനകരമാണെന്നായിരുന്നു ജി.സുധാകരൻറെ അഭിപ്രായം. സർക്കാറിന് നിരാകരണത്തിന് അവസരം ഉണ്ടായാൽ ലോകായുക്തക്ക് മുകളിലായിരുന്നു സർക്കാർ എന്നും അത് ശരിയല്ലെന്നും ആനത്തലവട്ടം പറഞ്ഞു. ജി.കാർത്തികേയൻ അടക്കമുള്ള കോൺഗ്രസ് ഭേദഗതിയെ എതിർത്തു. ഒടുവിൽ അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് നിയമമന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരൻ നായർ അംഗങ്ങളുടെ അഭിപ്രായം ഔദ്യോഗിക ഭേദഗതിയായി അവതരിപ്പിച്ച് ലോകായുക്ത ഉത്തരവ് സർക്കാറിന് തള്ളാമെന്ന വ്യവസ്ഥ ഒഴിവാക്കി. നായനാരെയും ചന്ദ്രശേഖരൻനായരെ പിണറായി സർക്കാർ അപമാനിച്ചെന്നാണ് പ്രതിപക്ഷവിമർനം.

Follow Us:
Download App:
  • android
  • ios