Asianet News MalayalamAsianet News Malayalam

കുറ്റ്യാടി പീഡനം;അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം,സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ കുറഞ്ഞെന്ന് മുഖ്യമന്ത്രി

മൂന്ന് മാസത്തിനിടെ മൂന്ന് കൂട്ട ബലാത്സംഗങ്ങളാണ് കേരളത്തിലുണ്ടായതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമം കുറഞ്ഞ് വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

opposition submit adjournment motion notice on Kuttiady rape
Author
Trivandrum, First Published Oct 28, 2021, 10:48 AM IST

തിരുവനന്തപുരം: കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവം നിയമസഭയില്‍ (kerala assembly) ഉന്നയിച്ച് പ്രതിപക്ഷം (opposition). സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട്  പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. റോജി എം ജോണാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഉത്തരേന്ത്യയെക്കാള്‍ ഭീകരമായ അവസ്ഥയിലാണ് കേരളത്തില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമവും പീഡന പരാതികളും ഉണ്ടാവുന്നതെന്നായിരുന്നു നോട്ടീസ് നല്‍കിയ റോജി എം ജോണിന്‍റെ പ്രധാന വിമര്‍ശനം. അതീവ ഗൌരവതരമാണ് കേരളത്തിലെ സ്ഥിതിയെന്നും റോജി എം ജോണ്‍ പറഞ്ഞു.

മൂന്ന് മാസത്തിനിടെ മൂന്ന് കൂട്ട ബലാത്സംഗങ്ങളാണ് കേരളത്തിലുണ്ടായതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമം കുറഞ്ഞ് വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തരേന്ത്യന്‍ പരാമര്‍ശം ആരെ വെള്ളപൂശാനാണെന്ന് ചോദിച്ച മുഖ്യമന്ത്രി കേസുകളില്‍ ശക്തമായ നടപടി എടുത്തതായും പറഞ്ഞു. കുറ്റ്യാടിയില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടി ഉണ്ടാവും. മലപ്പുറം പീഡനശ്രമത്തിലും പ്രതി അറസ്റ്റിലായി. 2016 മുതല്‍ 21 വരെയുള്ള കാലം ലൈംഗിക അതിക്രമം കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. 

ഈ മാസം മൂന്നിന് ജാനകിക്കാട് വച്ചാണ് 17 കാരിയായ ദളിത് പെണ്‍കുട്ടിയെ നാല് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുത്ത ഘട്ടത്തില്‍ താന്‍ ഇതിനുശേഷം മറ്റൊരിടത്തും പീഡനത്തിനിരയായെന്ന കാര്യം പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ഈ മാസം 16 ന് ചെമ്പനോടയിലെ വനപ്രദേശത്ത് വച്ചായിരുന്നു പീഢനം. തൊട്ടില്‍പാലം കേസില്‍ അറസ്റ്റിലായ രാഹുലും കുറ്റ്യാടി സ്വദേശിയായ മർവ്വിനും ചേർന്നാണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴി. തന്നെ പ്രദേശത്തേക്ക് പ്രതികൾ ബലമായി കൂട്ടികൊണ്ടുപോയെന്നാണ് പെണ്‍കുട്ടി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പുതിയ കേസ് രജിസ്റ്റ‍ർ ചെയ്തു.

അറസ്റ്റ് രേഖപ്പെടുത്തിയ മർവ്വിനെ കോടതിയില്‍ ഹാജരാക്കി. നിലവില്‍ റിമാന്‍ഡിലുളള പ്രതി രാഹുലിനെ പുതിയ കേസിലും പ്രതി ചേർത്തു. പോക്സോ, ദളിതർക്കെതിരായ അതിക്രമം തടയല്‍, കൂട്ടബലാല്‍സംഗം എന്നീ വകുപ്പുകളാണ് പുതിയ കേസിലും പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കടുത്ത മാനസിക സമ്മർദത്തിലാണ് പെൺകുട്ടിയെന്നും, വിശദമായ മൊഴി പിന്നീട് രേഖപ്പെടുത്തുമെന്നും കോഴിക്കോട് റൂറല്‍ എസ്പി അറിയിച്ചു. അതേസമയം തൊട്ടില്‍പാലം കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് വൈകാതെ കോടതിയില്‍ അപേക്ഷ നല്‍കും.

Read Also : തൊട്ടില്‍പാലം പീഡന കേസ്: പെൺകുട്ടി കൂടുതല്‍ തവണ പീഡനത്തിനിരയായി, പുതിയ കേസ് രജിസ്റ്റർ ചെയ്തു


 

Follow Us:
Download App:
  • android
  • ios