കോട്ടയം: കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ്ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെവിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകും. ഗാന്ധിനഗർ എസ് ഐ ആയിരുന്ന എം എസ് ഷിബുവിനെ തിരിച്ചെടുക്കാൻ ഐ ജി ഇന്നലെയാണ് ഉത്തരവിറക്കിയത്. കെവിന്റെ കുടുംബം പ്രതിപക്ഷ നേതാക്കളെയും കാണും.

കെവിന്‍റെ മരണമുണ്ടായത് എസ്ഐ ഷിബുവിന്‍റെ കൃത്യ വിലോപം മൂലമാണെന്നും പരാതി നൽകിയിട്ടും നേരിട്ട് കണ്ട് അത് ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയുമെടുക്കാൻ എസ്ഐ ഷിബു തയ്യാറായില്ലെന്നും കെവിന്‍റെ അച്ഛൻ രാജൻ പറഞ്ഞു. എസ്ഐയെ തിരിച്ചെടുത്ത നടപടിക്കെതിരെ ഡിജിപിക്കും പരാതി നൽകും.

ഔദ്യോഗിക കൃത്യവിലോപത്തിന് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയ ശേഷമാണ് ഷിബുവിനെ തിരിച്ചെടുക്കാൻ ഇന്നലെ ഐ ജി ഉത്തരവിട്ടത്. ഷിബു നൽകിയ വിശദീകരണത്തെ തുടർന്നാണ് തിരിച്ചെടുക്കാൻ കൊച്ചി റെയ്ഞ്ച് ഐജി തീരുമാനിച്ചത്. എന്നാൽ, ഷിബുവിന് കോട്ടയം ജില്ലയിൽ പോസ്റ്റിംഗ് നൽകരുതെന്നും മറ്റൊരു ജില്ലയിലേക്ക് മാറ്റണമെന്നും കോട്ടയം എസ്പി ഐജിയോട് ആവശ്യപ്പെട്ടു.