വിദ്യാഭ്യാസ മന്ത്രിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്

തിരുവനന്തപുരം: കേരള സ്കൂൾ ശാസ്ത്രോത്സവം സംഘാടക സമിതിയോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ നിർദേശം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. 25നാണ് സംഘാടക സമിതി രൂപീകരണ യോഗം നടക്കാനിരുന്നത്. യോഗത്തിൽ അധ്യക്ഷനായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നിലപാടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവർ എടുത്തിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്നാണ് സിപിഎം വൃത്തങ്ങൾ പ്രതികരിക്കുന്നത്. വലിയ പ്രതിഷേധവും നടന്നുവരുന്നുണ്ട്. ഇതിനിടെയാണ് സ്കൂൾ ശാസ്ത്രോത്സവം സംഘാടക സമിതിയോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയത്. പാലക്കാട് വെച്ച് നവംബർ 7 മുതൽ 10 വരെയാണ് ശാസ്ത്രോത്സവം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.