കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ തർക്കം നില നിൽക്കുന്ന  എറണാകുളം ജില്ലയിലെ  വെട്ടിത്തറ മോർ മീഖായേൽ വലിയ പള്ളിയിൽ  ഓർത്തഡോൿസ്‌ സഭ അംഗങ്ങൾ പ്രവേശിക്കാനെത്തി.  സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഓർത്തഡോക്സ് വിഭാഗം ഇവിടെ എത്തിയത്. 

രാവിലെ ഏഴരയോടെ ഇടവക വികാരി ഫാ. ജോണിന്റെ  നേതൃത്വത്തിലാണ് വിശ്വാസികൾ എത്തിയത്. സുപ്രീം കോടതി വിധി പ്രകാരം പള്ളി, തങ്ങൾക്ക് വിട്ടു കിട്ടണം എന്നാണ് ഓർത്തഡോക്സ് പക്ഷത്തിന്റെ ആവശ്യം. അതേ സമയം  പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ആണ് യാക്കോബായ വിഭാഗം. പ്രവേശിക്കൻ ശ്രമിച്ചാൽ തടയും എന്നും ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു.

സംഘർഷ സാഹചര്യം കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. സംഘടിച്ചെത്തിയ ഓർത്തഡോക്സ് സംഘത്തോട് പൊലീസ് സംഘം ചർച്ച നടത്തുകയും തിരികെ പോകണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് ഇവർ തിരികെ പോവുകയായിരുന്നു.