കൊച്ചി: ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന എറണാകുളം കണ്ടനാട് പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി. ഓർത്തഡോക്സ് മെത്രാപോലീത്തയുടെ നേതൃത്വത്തിൽ വിശ്വാസികൾ പള്ളിയിൽ പ്രവേശിച്ച് പ്രാർത്ഥന നടത്തി. വിധി നടപ്പാക്കിയതിൽ സന്തോഷമുണ്ടെന്നും സർക്കാരിനും പൊലീസിനും നന്ദിയെന്നും ഭദ്രാസനാധിപൻ മാത്യൂസ് മാർ സെവേറിയോസ് പറഞ്ഞു.

ഭദ്രാസനാധിപൻ മാത്യൂസ് മാർ സെവേറിയോസിന്‍റെ നേതൃത്വത്തിൽ പുലർച്ചെ നാല് മണിയോടെയാണ് ഒരുകൂട്ടം വിശ്വാസികൾ പള്ളിയിൽ പ്രവേശിച്ചത്. കനത്ത പൊലീസ് സുരക്ഷയോടെയായിരുന്നു കുർബാന. ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ കയറുന്നതറിഞ്ഞ് നിരവധി യാക്കോബായ വിശ്വാസികളും പള്ളിക്ക് മുന്നിൽ തടിച്ചുകൂടിയിരുന്നു. കുർബാന കഴിഞ്ഞും മെത്രാപോലീത്ത അടക്കമുള്ളവർക്ക് ഏറെനേരം പുറത്തിറങ്ങാനായില്ല. 

എറണാകുളം ഡിസിപിയുടെ നേതൃത്വത്തിൽ വൻ പൊലീസും സ്ഥലത്തെത്തിയാണ് മെത്രാപോലീത്ത അടക്കം പുറത്തിറങ്ങിയത്. വിധി നടപ്പാക്കിയതിൽ സന്തോഷമുണ്ടെന്ന് പിന്നീട് അദ്ദഹം പറഞ്ഞു. പള്ളിയിൽ കയറി പ്രാർത്ഥന നടത്താൻ തങ്ങളെയും അനുവദിക്കണമെന്ന് യാക്കബായ വിശ്വാസികൾ ആവശ്യപ്പെട്ടെങ്കിലും പൊലീസ് സമ്മതിച്ചില്ല.

നേരത്തെ പ്രാർത്ഥന സംബന്ധിച്ച തർക്കം നിലനിൽക്കുന്ന പള്ളിയിൽ ഹൈക്കോടതി ഇരു വിഭാഗത്തിനും ഓരോ ആഴ്ച പ്രാർത്ഥന നടത്താനുള്ള അനുമതി നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഓർത്തഡോക്സ് വിഭാഗം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചതോടെ വിധി നടപ്പാക്കാൻ ജസ്റ്റിസ് അരുൺ മശ്ര കർശന നിർദ്ദേശം നൽകിയിരുന്നു. തൽസ്ഥിതി തുടരാൻ നിർദ്ദേശിച്ച ഹൈക്കോടതി ജഡ്ജിയെയും കോടതി വിമർശിച്ചിരുന്നു.