സുപ്രീംകോടതി വിധി അട്ടിമറിക്കാനും ഒരു വിഭാഗത്തെ സംരക്ഷിക്കാനും നടത്തുന്ന കുത്സിത ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സഭ ആവശ്യപ്പെട്ടു.

കോട്ടയം: പള്ളിത്തർക്കത്തിൽ ഭരണപരിഷ്കാര കമ്മീഷന്‍റെ നിയമനിർമ്മാണ നിർദ്ദേശത്തിനെതിരെ പ്രമേയം പാസാക്കി ഓർത്തഡോക്സ് സഭ (Orthodox Church). സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നത് കോടതിയോടുള്ള അവഹേളനമാണ്. ഇക്കാര്യങ്ങളിൽ നിന്ന് സർക്കാർ ഉടൻ പിന്മാറണമെന്നും സഭ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. പള്ളിത്തർക്കത്തിൽ അന്തിമ വിധി പൊതുജനാഭിപ്രായം കൂടി സ്വീകരിച്ച് നടപ്പാക്കാമെന്ന ഭരണപരിഷ്കാര കമ്മീഷന്‍റെ നിർദ്ദേശത്തോട് അതിശക്തമായ വിജോയിപ്പ് രേഖപ്പെടുത്തുകയാണ് ഓർത്തഡോക്സ് സഭ. 

ഈ പ്രതിഷേധം വ്യക്തമാകുന്ന പ്രമേയമാണ് മാനേജിംഗ് കമ്മിറ്റി യോഗത്തിൽ പാസാക്കിയത്. കമ്മീഷന്‍റെ നിർദ്ദേശം ദുരുദ്ദേശപരവും പക്ഷപാതപരവുമാണ്. വിധി നടപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ട സർക്കാർ ഇത്തരം നീക്കങ്ങൾ നടത്തുന്നത് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയും ജുഡീഷ്വറിയോടുള്ള അവഹേളനവും ഭരണഘടനാ ലംഘനവുമാണെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. നേരത്തെ യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തിയ കാതോലിക്ക ബാവയും സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.

വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ കരട് ബില്ലുമായി രംഗത്ത് വന്നതെന്ന വിമ‍ർശനമാണ് സഭയ്ക്കുള്ളത്. നീക്കങ്ങൾക്ക് പിന്നിൽ യാക്കോബായ സഭയുടെ സ്വാധീനമുണ്ടെന്നും ഓർത്തോഡോക്സ് സഭ സംശയിക്കുന്നു. വരും ദിവസങ്ങളിൽ വിഷയത്തിൽ കൂടുതൽ ശക്തമായി രംഗത്ത് വരാനാണ് സഭയുടെ തീരുമാനം. കോട്ടയം പഴയ സെമിനാരിയിൽ നടന്ന മാനേജിംഗ് കമ്മിറ്റി യോഗത്തിൽ ഭരണപരിഷ്കാര കമ്മീഷന്‍റെ നീക്കത്തിനെതിരെ സ്വീകരിക്കേണ്ട നിലപാടുകളിൽ വിശദമായ ചർച്ച നടന്നെന്നാണ് വിവരം.