തിരുവനന്തപുരം: വിശ്വാസികൾക്കിടയിൽ ഹിതപരിശോധന നടത്തി പള്ളിതർക്കത്തിൽ പരിഹാരം കണ്ടെത്തണമെന്ന്  യാക്കോബായ സഭ. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് സഭ നിലപാട് ആവര്‍ത്തിച്ചത്. യാക്കോബായ സഭാ നിലപാടിനോടുളള ഓര്‍ത്തഡോക്സ്  സഭയുടെ പ്രതികരണമാകും ഒത്തുതീര്‍പ്പു ചര്‍ച്ചകളുടെ ഗതി നിര്‍ണയിക്കുക. വൈകിട്ട് മൂന്നു മണിക്കാണ് ഓര്‍ത്തഡോക്സ്  പ്രതിനിധികളുമായുളള മുഖ്യമന്ത്രിയുടെ ചര്‍ച്ച. 

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പള്ളികൾ ഏറ്റെടുക്കാനുളള നടപടി തുടര്‍ച്ചയായി സംഘര്‍ഷങ്ങളില്‍ കലാശിക്കുന്ന സാഹചര്യത്തിലാണ്  മുഖ്യമന്ത്രിയുടെ ഇടപെടല്‍. വിശ്വാസികളുടെ അഭിപ്രായത്തിന് വിരുദ്ധമാണ് സുപ്രീംകോടതി ഉത്തരവുകളെന്ന നിലപാട് യാക്കോബായ സഭ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തര്‍ക്കം നിലനില്‍ക്കുന്ന പളളികളില്‍ ഇടവകാംഗങ്ങള്‍ക്കിടയില്‍ ഹിതപരിശോധന വേണമെന്ന ആവശ്യമാണ് സഭ പ്രതിനിധികള്‍ ഉന്നയിച്ചത്.

മൃതദേഹം അതത് പള്ളികളിൽ തന്നെ സംസ്ക്കരിക്കാൻ അനുവാദം നൽകുന്ന ഓർ‍ഡിനൻസ് നേരത്തെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. കോടതി വിധി മറികടക്കാന്‍ സമാന നിയമനിർമ്മാണങ്ങൾ സർക്കാർ പരിഗണിക്കണമെന്ന ആവശ്യവും യാക്കോബായ സഭ  മുന്നോട്ട് വയ്ക്കുന്നു. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഓര്‍ത്തഡോക്സ് സഭ. യാക്കോബായ സഭ മുന്നോട്ടു വച്ച ആവശ്യങ്ങള്‍ വൈകിട്ട് നടക്കുന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഓര്‍ത്തഡോക്സ് സഭ പ്രതിനിധികള്‍ക്കു മുന്നില്‍ അവതരിപ്പിക്കും. ഓര്‍ത്തഡോക്സ് സഭയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമാകും തുടര്‍നടപടികളെ കുറിച്ചുളള സര്‍ക്കാര്‍ തീരുമാനം.