വിധി നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യത്തിന് പരാതി നല്‍കുമെന്ന് ഓര്‍ത്തഡോക്സ് സഭ.
കോട്ടയം: പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ രംഗത്ത്. സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് പരാതി നല്‍കുമെന്ന് ഓർത്തഡോക്സ് സഭാ കാതോലിക്കാ ബാവ ബസേലിയോട് പൗലോസ് ദ്വിതീയന്‍ പറഞ്ഞു.
ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി വന്നിട്ടും നടപ്പാക്കിത്തരേണ്ടവര്‍ അത് ചെയ്യുന്നില്ല. പിറവം പള്ളിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യു ടേണ്‍ എടുത്തു. തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്‍ദാനങ്ങളൊന്നും എല്‍ഡിഎഫ് പാലിച്ചില്ല. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ബസേലിയോട് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ആവശ്യപ്പെട്ടു.
സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് കട്ടച്ചിറ, വാരിക്കോലി പള്ളികൾ നൽകിയ ഹർജികൾ പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനമാണ് ഉയർത്തിയത്. കേരള സര്‍ക്കാര്‍ നിയമത്തിന് മുകളിലാണോ എന്ന് കോടതി ചോദിച്ചു. വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ അമാന്തിക്കുന്നുവെന്ന് ആരോപിച്ച് ജസ്റ്റിസ് അരുൺ മിശ്ര നേരത്തെ കോടതിയിൽ ക്ഷുഭിതനായിരുന്നു.
കോടതി വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിൽ അടയ്ക്കുമെന്ന് പറഞ്ഞ ജസ്റ്റിസ് അരുൺ മിശ്ര, ബിഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് എന്താണെന്ന് ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 2017 ജൂലൈ മൂന്നിനാണ് ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി കോടതി വിധി ഉണ്ടായത്.
