Asianet News MalayalamAsianet News Malayalam

'കേരളത്തിലെ മുഴുവൻ ആളുകളുടെയും മുഖ്യമന്ത്രിയാണെന്ന് പിണറായി ഓർക്കണം'; വിമർശനം ആവർത്തിച്ച് ഓർത്തഡോക്സ് സഭ

തിങ്കളാഴ്ച കോട്ടയത്തു മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ വേദിയിലിരുത്തിയും അദ്ദേഹം  ആവർത്തിച്ചു.

Orthodox sabha criticized CM Pinarayi Vijayan prm
Author
First Published Feb 7, 2024, 1:06 AM IST

പത്തനംതിട്ട: കേരളത്തിലെ മുഴുവൻ ആളുകളുടെയും മുഖ്യമന്ത്രിയാണു താനെന്നു പിണറായി വിജയൻ ഓർക്കണമെന്ന് ഓർത്തഡോക്സ് സഭാ മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്. കുറച്ചാളുകളുടെ മുഖ്യമന്ത്രിയായി മാത്രമിരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെങ്കിൽ അപകടം വിളിച്ചുവരുത്തും. പുത്തൻകുരിശിലെ മുഖ്യമന്ത്രിയുടെ പ്രസംഗം ആശങ്കയ്ക്കു വക നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച കോട്ടയത്തു മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ വേദിയിലിരുത്തിയും അദ്ദേഹം  ആവർത്തിച്ചു. മാർത്തോമ്മൻ പൈതൃക സംഗമം തെക്കൻ മേഖലാ ദീപശിഖാ പ്രയാണത്തിനുള്ള തുമ്പമൺ ഭദ്രാസനതല സ്വീകരണ സമ്മേളനം മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മുഖ്യമന്ത്രിയുടെ ചില പ്രവർത്തനങ്ങൾ കാണുമ്പോൾ അദ്ദേഹം ഒരു വിഭാഗത്തിന്റെ മാത്രം മുഖ്യമന്ത്രിയാണോ എന്ന തോന്നലുണ്ടാക്കുന്നു. സുപ്രീം കോടതി വിധി മാനിച്ചു മുന്നോട്ടു പോകുമെന്നു പറയാനാണ് ഭരണകർത്താക്കൾക്ക് ആർജവം ഉണ്ടാകേണ്ടത്. സുപ്രീം കോടതി വിധിക്കെതിരെ പുതിയ നിയമം കൊണ്ടുവരുമെന്നു പറയുന്നത് രാജ്യത്തിന്റെ വ്യവസ്ഥാപിത ഭരണഘടനയെയും നിയമവ്യവസ്ഥയെയും നിന്ദിക്കുന്നതിനു തുല്യമാണ്. നിയമ നിർമാണത്തിലൂടെ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കി സ്വന്തം കസേര ഉറപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്. സുപ്രീം കോടതി വിധി അംഗീകരിക്കാത്തവർ എന്തു നിയമം കൊണ്ടുവന്നാലും വിലപ്പോകില്ല. സമുദായാംഗങ്ങളെ വിഘടിപ്പിച്ചു നിർത്തി വോട്ടുനേടാനാണ് രാഷ്ട്രീയ കക്ഷികളെല്ലാം ശ്രമിക്കുന്നത്. എന്നാൽ സമുദായത്തെ തകർക്കാനുള്ള നീക്കമുണ്ടായാൽ അതിനുള്ള തിരിച്ചടി നൽകാൻ നിർബന്ധിതരാകും.  സ്നേഹം നടിച്ചു മിണ്ടാതിരിക്കുന്ന രാഷ്ട്രീയക്കാരെയല്ല, മറിച്ചു നീതിന്യായ വ്യവസ്ഥ തിരിച്ചറിഞ്ഞു പ്രതികരിക്കുന്ന രാഷ്ട്രീയ നേതാക്കളെയാണു നാടിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു. 

യൂഹാനോൻ മാർ ദിയസ്കോറസ് കോട്ടയത്തു നടത്തിയ വിമർശനങ്ങൾക്കു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ബന്ധപ്പെട്ടിരുന്നെന്ന് ആശംസാ പ്രസംഗത്തിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു.  ഓർത്തഡോക്സ് സഭയുടെ ആശങ്ക എം.വി. ഗോവിന്ദനെ അറിയിച്ചിട്ടുണ്ട്. നിയമനിർമാണം സംബന്ധിച്ച് ഒരു കാര്യവും പാർട്ടിയോ സർക്കാരോ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം ഉറപ്പു നൽകിയതായും ഉദയഭാനു പറഞ്ഞു. 

Follow Us:
Download App:
  • android
  • ios