Asianet News MalayalamAsianet News Malayalam

ഗർഭഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്ചയായി ഉയർത്തി കേന്ദ്ര സർക്കാർ; വിജ്ഞാപനമിറക്കി

ലൈംഗികാതിക്രമത്തിന് ഇരയായവർ, ഗർഭിണിയായിരിക്കെ വിവാഹബന്ധം വേർപെടുത്തുകയോ വിധവയാകുകയോ ചെയ്തവർ, ഗുരുതര ശാരീരിക – മാനസിക പ്രശ്നങ്ങളുള്ളവർ തുടങ്ങിയവർക്ക് 24 ആഴ്ചയ്ക്കുള്ളിലാണെങ്കിൽ ഗർഭം അലസിപ്പിക്കാം. 

overnment notifies new rules for allowing abortion till 24 weeks of pregnancy for certain categories of women
Author
Delhi, First Published Oct 14, 2021, 12:47 PM IST

ദില്ലി: ഗർഭഛിദ്ര നിയമത്തിൽ മാറ്റം വരുത്തി ആരോഗ്യ മന്ത്രാലയം വിജ്ഞാപനം ഇറക്കി. ഗർഭഛിദ്രം നടത്തേണ്ട സമയപരിധി 20 ആഴ്ചയിൽ നിന്ന് 24 ആഴ്ചയായി ഉയർത്തി. ലൈംഗികാതിക്രമത്തിന് ഇരയായവർക്കും, വിവാഹബന്ധം വേർപ്പെടുത്തിയവർക്കുമാണ് ഗർഭഛിദ്രത്തിന് കൂടുതൽ സമയം അനുവദിച്ചത്. നീക്കത്തെ സ്വാഗതം ചെയ്യുമ്പോഴും നിയമത്തിലെ ഇളവ് എല്ലാ സ്ത്രീകള്‍ക്കും ബാധകമാക്കണമെന്നാണ് വനിതാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ മാർച്ചിൽ പാർലമെൻറിൽ പാസാക്കിയ ഭേദഗതിക്കുള്ള വിജ്ഞാപനമാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം കണക്കിലെടുത്താണ് കേന്ദ്രം ഗർഭഛിദ്ര നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്.. ലൈംഗികാതിക്രമത്തിന് ഇരയായവർ, ഗർഭിണിയായിരിക്കെ വിവാഹബന്ധം വേർപെടുത്തുകയോ, ഭർത്താവ് മരിക്കുകയോ ചെയ്തവർ, ഗുരുതര ശാരീരിക – മാനസിക പ്രശ്നങ്ങളുള്ളവർ, സർക്കാർ പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർ തുടങ്ങിയവർക്ക്  ഗർഭഛിദ്രം 24 ആഴ്ചയ്ക്കുള്ളിൽ വരെ നടത്താം എന്നതാണ് പ്രധാന ഭേദഗതി. നിലവിലെ പരിധിയായ ഇരുപത് ആഴ്ച്ചയിൽ നിന്നാണ് ഇരുപത്തി നാലായി ഉയർത്തിയത്.

Also Read: ഗര്‍ഭഛിദ്ര നിയമം കടുപ്പിച്ചു; അമേരിക്കന്‍ നഗരങ്ങളില്‍ പ്രതിഷേധവുമായി വനിതകള്‍

നിലവിലെ നിയമപ്രകാരം പന്ത്രണ്ട് ആഴ്ച്ചയ്ക്ക് മുകളിലുള്ളവരുടെ ഗർഭഛിദ്രം നടത്താൻ രണ്ട് ഡോക്ടർമാരുടെ അനുമതി വേണം. ഈ പരിധിയിലും ഇളവ് നൽകിയിട്ടുണ്ട്. ഇനി ഇരുപത് ആഴ്ചയ്ക്കുള്ളിലുള്ള ഗർഭച്ഛിദ്രത്തിന് ഒരു ഡോക്ടറുടെ അനുമതി മതിയാകും. കുട്ടിയുടെയോ അമ്മയുടെയോ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ 24 ആഴ്ചയ്ക്കു ശേഷം ഗർഭഛിദ്രം അനുവദിക്കും. എന്നാൽ സംസ്ഥാന തലത്തിൽ രൂപീകരിച്ച മെഡിക്കൽ സമിതിയാകും ഇതിൽ തീരുമാനമെടുക്കുക. ഗർഭിണിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഗർഭഛിദ്രം അനുവദിക്കണോ വേണ്ടയോ എന്ന് സമിതി തീരുമാനിക്കും.  അപേക്ഷ ലഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ സമിതി തീരുമാനം അറിയിക്കണം. എല്ലാ സുരക്ഷാ നടപടികളോടെയുമാണു ഗർഭഛിദ്രം നടക്കുന്നതെന്ന്  സമിതി ഉറപ്പാക്കണം. കൗൺസലിങ്ങും നൽകണം.

Follow Us:
Download App:
  • android
  • ios