കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിന് അർഹമായ അംഗീകാരം നൽകുമെന്ന് കോൺഗ്രസ് ഉറപ്പ് നൽകിയതായി പി ജെ ജോസഫ്. ഈ മാസം 28 ന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടത്തും. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ സീറ്റ് വിഭജനം ഉൾപ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. യുഡിഎഫ് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. 

തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റും വേണമെന്നാണ് പി ജെ ജോസഫിന്‍റെ നിലപാട്.  കേരള കോൺഗ്രസ് എം ജോസ് കെ മാണി വിഭാഗം മുന്നണി വിട്ട സാഹചര്യത്തിലാണ് ജില്ലയിൽ തദ്ദേശ-നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ ഒഴിവ് വന്നത്. എല്ലാ സീറ്റും തങ്ങൾക്ക് നൽകണമെന്ന പിജെ ജോസഫ് വിഭാഗത്തിന്റെ ആവശ്യത്തിന് നേരെ എതിർ നിലപാടാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചത്.