Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തിൽ ജാഗ്രത വേണം'; പി ശശിയുടെ നിയമനത്തിനെതിരെ പി ജയരാജൻ

വിവരങ്ങൾ നേരത്തെ അറിയിക്കണമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. സംസ്ഥാന കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യുമ്പോഴാണ് അഭിപ്രായം അറിയിക്കുന്നതെന്ന് പി ജയരാജൻ മറുപടി നല്‍കി.

P Jayarajan against  appointment of P Sasi as political secretary of chief minister
Author
Thiruvananthapuram, First Published Apr 19, 2022, 9:34 PM IST

തിരുവനന്തപുരം: പി ശശിയെ (P Sasi) മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതിനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ എതിർപ്പറിയിച്ച് പി ജയരാജൻ (P Jayarajan). ശശി ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കാൻ ഇടയുണ്ടെന്നും നിയമനത്തിൽ ജാഗ്രതയും സൂക്ഷ്മതയും വേണമെന്ന് പി ജയരാജൻ പറഞ്ഞു. നേരത്തെ വിവരങ്ങൾ അറിയിക്കണമായിരുന്നുവെന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍ വിമർശനത്തിൽ ഇടപെട്ടു.

പാർട്ടിയിൽ എല്ലാം ശുഭകരമല്ല എന്ന സൂചനയായി പാർട്ടി കോണ്‍ഗ്രസിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സമിതിയോഗം. പി ശശിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നിയമനത്തിനെതിരെ കണ്ണൂരിൽ നിന്ന് തന്നെ എതിർപ്പുയർന്നതാണ് ശ്രദ്ധേയം. പി ജയരാജൻ സംസ്ഥാന സമിതിയിൽ നിയമനത്തെ ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സുപ്രധാന നിയമനത്തിൽ പാർട്ടി ജാഗ്രതയും സൂക്ഷമതയും പുലർത്തണമെന്ന് പറഞ്ഞ ജയരാജൻ നേരിട്ട് പി ശശിക്കെതിരെയും തിരിഞ്ഞു. മുമ്പ് പാർട്ടിക്ക് കളങ്കമുണ്ടാക്കിയ സംഭവങ്ങൾ മറക്കരുത്. തെറ്റുകൾ ആവർത്തിക്കാനും ഇടയുണ്ട്. പി ജയരാജന്‍റെ എതിർപ്പിനെ കോടിയേരി നേരിട്ടു. ഈ ഘട്ടത്തിലാണ് പറയേണ്ടത് എന്തു കൊണ്ട് നേരത്തെ വിവരങ്ങൾ നൽകിയില്ലെന്നായിരുന്നു കോടിയേരിയുടെ ചോദ്യം. സംസ്ഥാന സമിതിയംഗമായ താൻ കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യുമ്പോഴാണ് തന്‍റെ അഭിപ്രായങ്ങൾ പറയുന്നതെന്ന് പി ജയരാജനും മറുപടി നൽകി. ജയരാജന്‍റെ എതിർപ്പ് നിൽക്കെ സംസ്ഥാന സമിതിയോഗം പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തീരുമാനിച്ചു.

ഇന്ന് ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി നിയമിക്കാന്‍ തീരുമാനിച്ചത്. പുത്തലത്ത് ദിനേശൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മാറ്റം. പാർട്ടി നടപടിയിൽ പുറത്തു പോയ പി ശശി അടുത്തിടെയാണ് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും മടങ്ങിയെത്തിയത്. പൊലീസിൽ അടക്കം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പിടി അയയുന്നു എന്ന വിമർശനങ്ങൾക്കിടെയാണ് പി ശശിയുടെ കടന്ന് വരവ്. 

ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ച പരിചയവും പിണറായിക്കുള്ള വിശ്വസ്തതയുമാണ് പി ശശിക്ക് അനുകൂലമായത്. നായനാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി പി ശശിയായിരുന്നു. സുപ്രധാന ചുമതലയിലെ അനുഭവവും പൊലീസിനെയും ഐഎഎസ് ഉദ്യോഗസ്ഥരെയും നിയന്ത്രിച്ച പരിചയവും ശശിക്ക് കൈമുതലാണ്. അതേസമയം ദേശാഭിമാനിയുടെ പുതിയ പത്രാധിപരായി പുത്തലത്ത് ദിനേശനെ തീരുമാനിച്ചു. തോമസ് ഐസക്കിന് ചിന്തയുടെ ചുമതല നൽകി. പിബിയിൽ നിന്നും ഒഴിഞ്ഞ എസ് രാമചന്ദ്രൻ പിള്ളക്കാണ് ഇഎംഎസ് അക്കാദമിയുടെ ചുമതല.

ഇ പി ജയരാജനെ എൽഡിഎഫ് കണ്‍വീനറായി തെരഞ്ഞെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തിനും സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി. എ വിജയരാഘവൻ പിബി അംഗമായതോടെയാണ് പുതിയ മാറ്റം. വി എസ് അച്യുതാനന്ദൻ പിബി അംഗമായപ്പോൾ തന്നെ എൽഡിഎഫ് കണ്‍വീനർ സ്ഥാനവും വഹിച്ചിട്ടുണ്ട്. പക്ഷേ എ വിജയരാഘവന് കേന്ദ്ര നേതൃത്വത്തിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്നതാണ് ഇരട്ട പദവിക്ക് തടസം. മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം ഒരു വർഷക്കാലം കണ്ണൂർ കേന്ദ്രീകരിച്ചായിരുന്നു ഇപിയുടെ പ്രവർത്തനം. പാർട്ടി കോണ്‍ഗ്രസിലെ മുഖ്യസംഘാടകനും ജയരാജൻ ആയിരുന്നു.

Follow Us:
Download App:
  • android
  • ios