ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും സമ്മർദത്തിന് വഴങ്ങി തീവ്രവർഗീയ നിലപാട് തുടരാനാണ് ഭാവമെങ്കിൽ കോൺഗ്രസുകാർ ഇനി മുതൽ മൗദൂദിയുടെ തൊപ്പി ഇടുന്നതാണ് നല്ലതെന്നും ജയരാജൻ

കാസർകോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്കെതിരെ സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. വർഗ്ഗീയതയുടെ ഐശ്വര്യ കേരളമാണ് ചെന്നിത്തലയുടെ യാത്രാ ലക്ഷ്യമെന്ന് ജയരാജൻ ഫേസ് ബുക്ക് ലൈവിലൂടെ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച് വർഗീയ അജണ്ട യുഡിഎഫ് നടപ്പാക്കുകയാണ്. ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും സമ്മർദത്തിന് വഴങ്ങി തീവ്രവർഗീയ നിലപാട് തുടരാനാണ് ഭാവമെങ്കിൽ കോൺഗ്രസുകാർ ഇനി മുതൽ മൗദൂദിയുടെ തൊപ്പി ഇടുന്നതാണ് നല്ലതെന്നും ജയരാജൻ കുറ്റപ്പെടുത്തി. 

Add Asianetnews as a Preferred SourcegooglePreferred

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് കാസ‍ർകോട്ടെ കുമ്പളയിൽ തുടക്കമായി. മുൻമുഖ്യമന്ത്രിയും കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനുമായ ഉമ്മൻ ചാണ്ടിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. യാത്രയുടെ ഉദ്ഘാടനത്തിന് മുൻപായി ​ഗസ്റ്റ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കൂടിക്കാഴ്ച നടത്തി. കേരളത്തിലെ 14 ജില്ലകളിലൂടേയും ഐശ്വര്യകേരളയാത്രയുടെ ഭാ​ഗമായി ചെന്നിത്തലയും നേതാക്കളും സഞ്ചരിക്കും.