കണ്ണൂർ: ശ്രീ എം അറിയപ്പെടുന്ന ആത്മീയാചാര്യൻ ആണെന്ന് സിപിഎം നേതാവ് പി ജയരാജൻ പറഞ്ഞു. ശ്രീ എം മുൻകൈയെടുത്തത് രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാനാണ്.  ഇതിനെ സിപിഎം ആർഎസ്എസ് ബന്ധമായി കൽപ്പിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും പി ജയരാജൻ പറഞ്ഞു.

2019 ൽ കണ്ണൂരിൽ ശ്രീ എം പദയാത്ര നടത്തിയിരുന്നു. ഈ യാത്രയിൽ കോൺഗ്രസ് നേതാക്കളും സിപിഎം നേതാക്കളും പങ്കെടുത്തിരുന്നു. തലശ്ശേരിയിലും പയ്യന്നൂരിലും സമാധാന യോഗങ്ങൾ ചേർന്നിരുന്നു. നാടിൻ്റെ സമാധാനം നിലനിർത്താനാണ് യോഗം ചേർന്നത്. 

Read Also: ശ്രീ എമ്മിൻ്റെ മധ്യസ്ഥതയിൽ ആര്‍എസ്എസ് - സിപിഎം ചര്‍ച്ച നടന്നെന്ന് സ്ഥിരീകരിച്ച് പി.ജയരാജൻ...

കോൺഗ്രസും ആർഎസ്എസുമാണ് സഖ്യം ഉണ്ടാക്കിയത്. നാടിൻ്റെ സമാധാനത്തിനായി ചേർന്ന ഉഭയകക്ഷി ചർച്ച വേറെ രീതിയിൽ ചിത്രീകരിക്കുന്നത് യുഡിഎഫ് ആർ എസ് എസ് ബാന്ധവം മറച്ചു വയ്ക്കാനാണ്. എം വി ഗോവിന്ദൻ്റെ പ്രസ്താവന എന്തുകൊണ്ടെന്ന് അറിയില്ല. ചർച്ച നടന്നില്ല എന്ന് എം വി ഗോവിന്ദൻ പറഞ്ഞത് ഏത് സാഹചര്യത്തിലെന്ന് തനിക്കറിയില്ല. ചർച്ചയിൽ താൻ പങ്കെടുത്തത് കൊണ്ടാണ് വ്യക്തമായി പറയുന്നത്. ആർ എസ് എസ് പറഞ്ഞിട്ടാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതെന്ന ആരോപണത്തിന് അടിസ്ഥാനമില്ല. ഒരു നേതാവ് കാരണമല്ല ജില്ലയിൽ അക്രമ പ്രവർത്തനങ്ങൾ ഉണ്ടാകുന്നത്. 

Read Also: ജമാ അത്തെ ഇസ്ലാമി വ്യാജപ്രചാരണം നടത്തുന്നു; സിപിഎം-ആർഎസ്എസ് ചർച്ച നടന്നിട്ടില്ല: എംവി ഗോവിന്ദൻ മാസ്റ്റർ...
 

ശ്രീ എമ്മിന് തിരുവനന്തപുരത്ത് ഭൂമി നൽകിയ കാര്യം ഗവൺമെൻ്റ് വക്താക്കൾ വിശദീകരിക്കട്ടെ. ചർച്ച നടത്തിയത് കൊണ്ട് സ്വിച്ചമർത്തി ലൈറ്റ് ഓഫാക്കും പോലെ നിർത്താൻ കഴിയുന്നതല്ല സംഘർഷം.ആർ എസ് എസ് പ്രതിനിധാനം ചെയ്യുന്ന വർഗ്ഗീയ തീവ്രവാദ ആശയങ്ങൾക്കെതിരായി ജനങ്ങളാണ് ചെറുത്തു നിൽപ്പ് നടത്തുന്നത്.  സ്വാഭാവികമായും അത് സംഘർഷത്തിലേക്ക് വഴിമാറിപ്പോകും. അങ്ങനെ വഴി മാറിപ്പോകുന്നത് അവസാനിപ്പിക്കാനുള്ള നേതൃത്വത്തിൻ്റെ ഇടപെടലാണ് ഉണ്ടായത്. അതിന് ഫലവും ഉണ്ടായിട്ടുണ്ട്. സമാധാന ചർച്ചയെക്കുറിച്ച് സി പി എമ്മിന് ഒന്നും മറച്ച് വയ്ക്കാനില്ല. 

ചർച്ചകൾക്ക് ശേഷവും സംഘർഷം ഉണ്ടാകുന്നതിന് കാരണം ഉണ്ട്.  1971 ൽ ആർ എസ് എസ് ആസൂത്രണം ചെയ്ത തലശ്ശേരി വർഗീയ കലാപം പ്രതിരോധിച്ചത് സി പി എമ്മാണ്. ഇതിലുള്ള അടങ്ങാത്ത പക കൊണ്ടാണ് ആർ എസ് എസ് സി പി എമ്മിനെ ആക്രമിച്ച് തുടങ്ങിയത്. കോൺ​ഗ്രസിന്റെ വാലാവുകയാണ് ജമാഅത്തെ ഇസ്ലാമിയും കേരളത്തിലെ മുസ്ലീം മതമൗലികവാദികളും. അവർക്ക് ബിജെപിയെക്കാളും  എതിർപ്പ് സി പി എമ്മിനോടാണ്. ആർ എസ് എസ്സിനോട് കോൺഗ്രസിന് മൃദുസമീപനം എന്നും പി ജയരാജൻ അഭിപ്രായപ്പെട്ടു.