പ്രതിപക്ഷനേതാവിന്‍റെ  പ്രസ്താവന സഭക്കും ക്രൈസ്തവ വിശ്വാസികള്‍ക്കും എതിരാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്

കോട്ടയം:പിണറായി വിജയന്‍റെ നികൃഷ്ട ജീവി പരാമര്‍ശത്തോട് ഉപമിക്കാവുന്ന പ്രസ്താവന ക്രൈസ്തവ സഭ നേതൃത്വങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നടത്തിയെന്ന് ബിജെപി. ബിഷപുമാര്‍ പറഞ്ഞാല്‍ വിശ്വാസികള്‍ അംഗീകരിക്കില്ല,എന്ന സതീശന്‍റെ പ്രസ്താവന സഭകള്‍ക്കും ക്രൈസ്തവ വിശ്വാസികള്‍ക്കും എതിരാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ആരോപിച്ചു. സഭ വിശ്വാസികള്‍ക്കും ബിഷപ്പുമാര്‍ക്കും ഇടയില്‍ വിഭജനം സൃഷ്ടിക്കാനാണ് സതീശന്‍ ശ്രമിക്കുന്നതെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.

 അതിനിടെ ബിജെപി അനുകൂല നിലപാടെടുത്ത കർദിനാൾ അടക്കമുള്ളവർക്കെതിരെ സിപിഎം മുഖപത്രത്തിൽ വിമർശനം.ഉത്തരേന്ത്യയിൽ ക്രിസ്ത്യൻ വിഭാഗങ്ങൾ കടുത്ത ആക്രമണത്തിന് വിധേയമാകുമ്പോൾ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നു.പ്രധാനമന്ത്രിയുടെ പള്ളി സന്ദർശനം വോട്ട് ബാങ്ക് രാഷ്ട്രീയമാണ്.ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനിയും കർദിനാളും ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങുന്നു.ക്രിമിനൽ കേസ് നേരിടുന്ന കർദിനാൾ മോദി മികച്ച നേതാവാണെന്ന് പുകഴ്ത്തി.മുസ്ലിം ക്രിസ്ത്യൻ ഭിന്നിപ്പ് ഉണ്ടാക്കി നേട്ടം കൊയ്യാനാണ് ബിജെപി ആർഎസ്എസ് ലക്ഷ്യം.വിദേശ ഫണ്ട് സ്വീകരിക്കുന്നത് തടഞ്ഞ് സമ്മർദമുണ്ടാക്കുന്നു.2014 ന് ശേഷം ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമം കൂടി. ഛത്തീസ്ഗഡിൽ നിരവധി ക്രിസ്ത്യൻ വിഭാഗക്കാർക്ക് ഗ്രാമങ്ങൾ വിട്ടൊഴിഞ്ഞു പോകേണ്ടി വന്നു. ചില സഭാ നേതാക്കളുടെ പ്രസ്താവനകൾ സഭയുടെയും ക്രിസ്ത്യൻ സമൂഹത്തിന്റെയും മൊത്തം അഭിപ്രായമല്ലെന്നും പീപ്പിള്‍സ് ഡെമോക്രസി കുറ്റപ്പെടുത്തി. 

 രാജ്യത്ത് ക്രൈസ്തവർക്ക് എതിരായ അക്രമങ്ങൾ സംബന്ധിച്ച കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നുവെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി . എല്ലാ മതത്തിൽ പെട്ടവർക്കും നിയമ പ്രകാരമുള്ള തുല്യ പരിരക്ഷയും ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധം.വ്യക്തികൾ തമ്മിൽ ഉണ്ടാകുന്ന തർക്കം പോലും ക്രൈസ്തവ വേട്ടയായി ചിത്രീകരിക്കുന്നുവെന്നും, ഹർജിക്കാർ സമർപ്പിച്ച കണക്കുകൾ തെറ്റെന്നും കേന്ദ്രം സമര്‍പ്പിച്ച.സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു