Asianet News MalayalamAsianet News Malayalam

പി കെ കുഞ്ഞനന്തൻ: കേരളരാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ആ 51 വെട്ടിന് പിന്നിലെ ഒരു കണ്ണി

കേരളത്തിന്‍റെ രാഷ്ട്രീയചരിത്രത്തിൽ കുഞ്ഞനന്തനെപ്പോലെ ശ്രദ്ധാകേന്ദ്രമായ മറ്റൊരു തടവുപുള്ളിയുണ്ടായിട്ടില്ല. കുഞ്ഞനന്തൻ പ്രതിയായ, കേരളം ഒരിക്കലും മറക്കാത്ത ആ രാഷ്ട്രീയ കൊലപാതകം പോലെ കുഞ്ഞനന്തനും വിവാദകഥാപാത്രമായി.

p k kunjananthan life of a political killing prisoner tp murder case and controversies
Author
Kannur, First Published Jun 11, 2020, 10:08 PM IST

ഒരു കാലത്ത് പാർട്ടി ദുർബ്ബലമായിരുന്ന പാനൂരിലെ  സിപിഎമ്മിന്‍റെ കരുത്തനായ നേതാവായിരുന്നു പി കെ കുഞ്ഞനന്തൻ. ടിപി വധക്കേസ് എന്ന, കേരളം ഞെട്ടിയ രാഷ്ട്രീയ കൊലപാതകക്കേസിൽ പതിമൂന്നാം പ്രതിയായി ശിക്ഷിക്കപ്പെട്ട ശേഷവും പാർട്ടിപദവികളിൽ നിന്ന്  ഒഴിവാക്കാതെ സിപിഎം കുഞ്ഞനന്തനോട് അനുഭാവം കാണിച്ചിരുന്നു. അതായിരുന്നു പാ‍‍ര്‍ട്ടിയും കുഞ്ഞനന്തനും തമ്മിലുള്ള ബന്ധം.

കമ്യൂണിസ്റ്റ് പാർട്ടി ജനസംഘവുമായും സോഷ്യലിസ്റ്റുകളുമായും നിരന്തരം ഏറ്റുമുട്ടിയിരുന്ന പാനൂരായിരുന്നു പികെ കുഞ്ഞനന്തന്റെ തട്ടകം. പാർട്ടി ദുർബ്ബലമായിരുന്ന പ്രദേശത്ത്   അണികളെ സംരക്ഷിക്കാൻ വേണ്ടി നടത്തിയ അടികളും തിരിച്ചടികളുമാണ് കുഞ്ഞനന്തനെ പ്രദേശത്ത് ജനകീയനാക്കിയത്. പ്രദേശത്തെ പ്രശ്നപരിഹാരങ്ങളിൽ മധ്യസ്ഥനായി മാറിയ കുഞ്ഞനന്തൻ പിന്നീട് പാർട്ടിയുടെ ഏരിയ കമ്മിറ്റി അംഗമായി വളർന്നു.

കണ്ണൂർ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. പിആർ കുറുപ്പ് യുഗത്തിന് ശേഷം പാനൂരിൽ ആർഎസ്എസ്സും ബിജെപിയും ശക്തി പ്രാപിച്ചതോടെ സിപിഎമ്മുമായുള്ള  രാഷ്ട്രീയ സംഘട്ടനങ്ങളും  മൂർച്ഛിച്ചു. അപ്പോഴൊക്കെ കുഞ്ഞനന്തനെയാണ് പാർട്ടി  ആശ്രയിച്ചത്. 

ടിപി  വധക്കേസന്വേഷണം കണ്ണൂരിലേക്ക് നീണ്ടതോടെയാണ് കുഞ്ഞനന്തൻ ശ്രദ്ധാകേന്ദ്രമായത്. പതിമൂന്നാം പ്രതിയായ കുഞ്ഞനന്തന് കോടതി ജീവപര്യന്തം തടവ് വിധിച്ചു. കുഞ്ഞനന്തനെ മുൻനിർത്തി മറ്റു നേതാക്കളുടെ പങ്കും യുഡിഎഫ് ആരോപിച്ചത് പഴയ ചില കേസുകളുടെ പശ്ചാത്തലത്തിലായിരുന്നു. സിപിഎം തന്നെയാണ് ടിപി വധത്തിന് പിന്നിലെന്ന ആരോപണം ശക്തമാക്കിയതും ഗൂഢാലോചനയിലെ കുഞ്ഞനന്തന്‍റെ പങ്ക് കാരണം തന്നെ. പക്ഷേ, സിപിഎം കുഞ്ഞനന്തനെ കുറ്റവാളിയായി കണ്ടില്ല. മറ്റു രണ്ട് പ്രാദേശിക  നേതാക്കളെ പാർട്ടി പുറത്താക്കിയെങ്കിലും, കുഞ്ഞനന്തനെ പാർട്ടി ഏരിയാകമ്മറ്റിയിൽ നിലനിർത്തി. പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ കുഞ്ഞനന്തൻ പരോളിറങ്ങിയെത്തി.

കുഞ്ഞനന്തൻ വീണ്ടും വിവാദകേന്ദ്രമാകുന്നത് പിണറായി സർക്കാർ നിരന്തരം പരോളുകൾ നൽകിയപ്പോഴാണ്. 2018-ൽ മാത്രം കുഞ്ഞനന്തൻ 200 ദിവസത്തിലേറെ ജയിലിന് പുറത്ത് കഴിഞ്ഞു. 70 വയസ്സ് കഴിഞ്ഞവർക്കുള്ള പരിഗണന നൽകി വിട്ടയക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. ഗവർണർ അനുമതി നൽകിയില്ല. 

ഒടുവിൽ മെഡിക്കൽ ബോർഡിന്‍റെ ശുപാർശ പരിഗണിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ കുഞ്ഞനന്തന് ശിക്ഷായിളവ് നൽകിയ ഹൈക്കോടതി  ചികിത്സയ്ക്കായി ജാമ്യം അനുവദിക്കുകയായിരുന്നു. കേരളത്തിന്‍റെ സമീപകാല ചരിത്രത്തിൽ കുഞ്ഞനന്തനെപ്പോലെ ശ്രദ്ധാകേന്ദ്രമായ മറ്റൊരു തടവുപുള്ളിയുമുണ്ടായിട്ടില്ല.

Follow Us:
Download App:
  • android
  • ios