കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. ലീഗ് യുഡിഎഫില്‍ തന്നെ തുടരുമെന്നും പി എം എ സലാം പറഞ്ഞു. 

മലപ്പുറം: മലപ്പുറം: കെ സുധാകരന്‍റെ ആർ എസ് എസ് അനുകൂല പരാമർശത്തിൽ അയഞ്ഞ് മുസ്ലിം ലീഗ്. സുധാകരന്‍റെ ക്ഷമാപണം മുൻ നിർത്തി എതി‍ർപ്പ് അവസാനിപ്പിക്കുകയാണെന്ന് മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം ജനറൽ സെക്രട്ടറി പി എം എ സലാം അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതാക്കളുമായി സംസാരിച്ചു. കോണ്‍ഗ്രസിന്‍റെ മറുപടിയില്‍ തൃപ്തിയുണ്ട്. ലീഗിന്‍റെ ശക്തമായ പ്രതിഷേധം ഫലം കണ്ടെന്നാണ് വിശ്വാസം. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. ലീഗ് യുഡിഎഫില്‍ തന്നെ തുടരുമെന്നും പി എം എ സലാം പറഞ്ഞു. 

YouTube video player

കഴിഞ്ഞ നാല് ദിവസമായി കെ സുധാകരനെതിരെ പല നേതാക്കളും പരസ്യമായി പ്രതികരിച്ചെങ്കിലും ലീഗ് യോഗം എത്തിചേർന്നത് വിവാദം തുട‍രേണ്ട എന്ന നിലപാടിലാണ്. പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ ആമുഖപ്രസംഗത്തിൽ കെ സുധാകരനുമായി സംസാരിച്ചതായും അദ്ദേഹം മനപ്പൂർവ്വം പറഞ്ഞതല്ലെന്നും വ്യക്തമാക്കി. ഇ ടി മുഹമ്മദ് ബഷീർ അടക്കമുള്ള നേതാക്കളും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു. ഇതേ തുട‍ർന്നാണ് പരസ്യ വിവാദം തുടരേണ്ട എന്ന നിലപാടിൽ യോഗം എത്തിച്ചേര്‍ന്നത്.

എന്നാൽ സുധാകരന്‍റെ തുട‍ർച്ചയായ പ്രസ്താവനകളിൽ ആശങ്കയുണ്ടെന്നും ഇക്കാര്യം എഐസിസിയുടെ ശ്രദ്ധയിൽ പ്പെടുത്തണമെന്നും ചില നേതാക്കൾ പറഞ്ഞു. ഇക്കാര്യത്തിൽ പ്രത്യേകിച്ച് തീരൂമാനമൊന്നും എടുക്കാതെയാണ് യോഗം പിരിഞ്ഞത്. ലീഗിന്‍റെ എതി‍ർപ്പ് കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് തിരി കൊളുത്തും. അതോടെ കോൺഗ്രസ് വീണ്ടും ദു‍‍ർബ്ബലമാകും എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ലീഗിന്‍റെ പിൻമാറ്റം. എന്നാൽ ചാൻസലറെ മാറ്റുന്ന ബില്ലിൽ യോജിപ്പിലെത്തിയില്ല എന്ന് പരസ്യമായി പറഞ്ഞ് രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം തുടരുകയാണെന്നും ലീഗ് വ്യക്തമാക്കിയിട്ടുണ്ട്.