Asianet News MalayalamAsianet News Malayalam

'കിറ്റെക്സില്‍ വ്യവസായ വകുപ്പ് പരിശോധന നടത്തിയിട്ടില്ല'; ഉന്നയിച്ച പ്രശ്നം ഗൗരവമായി പരിഗണിക്കുമെന്ന് പി രാജീവ്

ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ ഗൗരവപൂർവ്വം തന്നെ പരിഗണിക്കും. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഉന്നതതല പരിശോധന നടത്തും

P Rajeev on Kitex controversy
Author
Trivandrum, First Published Jun 30, 2021, 2:23 PM IST

തിരുവനന്തപുരം: കിറ്റെക്സില്‍ വ്യവസായ വകുപ്പ് പരിശോധനകള്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി പി രാജീവ്. മറ്റ് ചില വകുപ്പുകളുടേയും സെക്ടർ മജിസ്ട്രേറ്റിന്റേയും പരിശോധനയാണ് നടന്നത്. പരാതികൾ പരിശോധിക്കാൻ വ്യവസായ വകുപ്പ് സെക്രട്ടറിയെ  ചുമതലപ്പെടുത്തിയിരുന്നു. വ്യവസായവകുപ്പിന്‍റെ പരിശോധനകള്‍ നടന്നിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടില്ലെന്നും സെക്രട്ടറിയും റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് രാജീവ് പറഞ്ഞു. 

കിറ്റെക്സ് ഉന്നയിച്ച പ്രശ്നങ്ങൾ ഗൗരവപൂർവ്വം തന്നെ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഉന്നതതല പരിശോധന നടത്തും. നിയമപ്രകാരം വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്നവര്‍ക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു. തുടര്‍ച്ചയായ സര്‍ക്കാര്‍ റെയ്ഡില്‍ പ്രതിഷേധിച്ച് സര്‍ക്കാരുമായി ഒപ്പിട്ട 3500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്മാറുന്നെന്നായിരുന്നു കിറ്റെക്സ് ഇന്നലെ അറിയിച്ചത്.

കിഴക്കമ്പലത്തെ ഫാക്ടറിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 11 തവണ പരിശോധന നടത്തിയെന്നാണ് കിറ്റക്സിന്‍റെ പരാതി. പരിശോധന  നടത്തിയ  ഉദ്യോഗസ്ഥ സംഘം ക്രമക്കേട് കണ്ടെത്തുകയോ നോട്ടീസ് നല്‍കുകയോ ചെയ്തിട്ടില്ല. പക്ഷേ പരിശോധനകള്‍ പല ദിവസവും ആവര്‍ത്തിക്കുകയാണ്. ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നും ഇന്നലെ സാബു ജേക്കബ് വിശദീകരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios