Asianet News MalayalamAsianet News Malayalam

Lokayukta : ലോകായുക്ത ഓര്‍ഡിനന്‍സ്; 'ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ല', മറുപടിയുമായി നിയമമന്ത്രി

ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നും നിയമമന്ത്രി

P Rajeev responds to Leader of Opposition VD Satheesan on Lokayukta Ordinance
Author
Trivandrum, First Published Jan 26, 2022, 3:54 PM IST

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ (Lokayukta Ordinance) പ്രതിപക്ഷ നേതാവ് വി ഡി സതീശന് (V D Satheesan) മറുപടിയുമായി നിയമമന്ത്രി പി രാജീവ്. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നുമാണ് നിയമമന്ത്രിയുടെ വിശദീകരണം. ഗവര്‍ണറാണ് നടപടിയെടുക്കേണ്ടതെന്നാണ് കോടതി ഉത്തരവ്. നിയമസഭ ഉടന്‍ ചേരാത്തതുകൊണ്ടാണ് ഓര്‍ഡിനന്‍സാക്കിയത്. മന്ത്രിസഭ പരിശോധിച്ചെടുത്ത തീരുമാനമാണ് ഓര്‍ഡിനന്‍സെന്നും പി രാജീവ് പറഞ്ഞു. 

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ നിലപാട് ഭരണഘടനയായോ ലോകായുക്ത നിയമവുമായി ചേര്‍ന്ന് നില്‍ക്കുന്നതോ അല്ല. 14,12 വകുപ്പുകള്‍ പരസ്പരം  ബന്ധപ്പെട്ട് നില്‍ക്കുന്നു. ഹൈക്കോടതി വിധികള്‍ വകുപ്പ് 12 നെ മാത്രം പരാമര്‍ശിക്കുന്നതല്ല. പ്രതിപക്ഷനേതാവ് വിധി മുഴുവന്‍ വായിച്ചിരിക്കില്ലെന്നും പി രാജീവ് പറഞ്ഞു. ലോകായുക്ത അര്‍ധ ജുഡീഷ്യറി സംവിധാനമാണ്. അപ്പീല്‍ അധികാരമില്ലെന്നത് ഭരണഘടനാ വിരുദ്ധമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

പൊതുപ്രവർത്തകർക്കെതിരായ അഴിമതി തെളിഞ്ഞാൽ പദവിയിൽ നിന്നും നീക്കണമെന്ന ലോകായുക്ത നിയമത്തിലെ ഏറ്റവും കാതലായ സെക്ഷൻ 14 ലാണ് വിവാദ ഭേദഗതി. പുതിയ ഭേദഗതി അനുസരിച്ചാണെങ്കിൽ ലോകായുക്ത ഉത്തരവിന്മേൽ 3 മാസത്തിനുള്ളില്‍ ഹിയറിംഗ് നടത്തി പൊതുപ്രവർത്തകരുടെ നിയമനാധികാരിക്ക് ഉത്തരവ് തള്ളാം. മുഖ്യമന്ത്രിക്കെതിരായ കേസെങ്കിൽ ഗവര്‍ണര്‍ക്കും മന്ത്രിമാ‍ർക്കെതിരായ കേസാണെങ്കിൽ മുഖ്യമന്ത്രിക്കും തീരുമാനമെടുക്കാം. അതായത് പൊതുപ്രവർത്തകർക്കെതിരായ പരാതിയിൽ ജുഡീഷ്യല്‍ നടപടികളിലൂടെ വരുന്ന ഉത്തരവിനെ പൊതുപ്രവർത്തകർക്ക് തന്നെ തള്ളാം. 

എന്നാല്‍ ഹൈക്കോടതി ചോദ്യം ചെയ്തത് ലോകായുക്ത നിയമത്തിലെ സെക്ഷൻ 12 ആണെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. പൊതുപ്രവര്‍ത്തകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സ്ഥാനത്ത് നിന്നും മാറണമെന്ന നിർണായക വിധിയിലേക്ക് നയിക്കുന്ന സെക്ഷൻ 14 നെതിരെ ഹൈക്കോടതി ഒന്നും പറഞ്ഞില്ലെന്ന് പ്രതിപക്ഷം പറയുന്നു. ഓർഡിനൻസിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നാളെ ഗവർണറെ കാണാനിരിക്കെ രാജ്ഭവന്‍റെ തീരുമാനം ഇനി പ്രധാനമാണ്. കഴിഞ്ഞ ദിവസം നിയമമന്ത്രി നേരിട്ടെത്തി ഗവർണറോട് ഓർഡിനൻസ് വിശദീകരിച്ചെങ്കിലും ഗവർണര്‍ കൂടുതൽ പരിശോധന നടത്താനാണ് സാധ്യത.
 

Follow Us:
Download App:
  • android
  • ios