വികസനം ആഗ്രഹിക്കുന്നവര്‍ ഇടതിനൊപ്പമാണ്. സില്‍വര്‍ലൈന്‍ തൃക്കാക്കരയില്‍ ഇടതിന് ഗുണമാകുമെന്നും രാജീവ് പറഞ്ഞു.

കൊച്ചി: എല്‍ഡിഎഫ് ലക്ഷ്യം നൂറ് സീറ്റ് തികയ്ക്കലെന്ന് മന്ത്രി പി രാജീവ് (p rajeev). വികസനം ആഗ്രഹിക്കുന്നവര്‍ ഇടതിനൊപ്പമാണ്. സില്‍വര്‍ലൈന്‍ തൃക്കാക്കരയില്‍ ഇടതിന് ഗുണമാകുമെന്നും രാജീവ് പറഞ്ഞു.

പി രാജീവിന്‍റെ വാക്കുകള്‍

ഉപതെരഞ്ഞെടുപ്പില്‍ തൃക്കാകരയില്‍ കേരളത്തിന്‍റെ വികസനരാഷ്ട്രീയവും ഇടതുപക്ഷത്തിന്‍റെ മതനിരപേക്ഷ രാഷ്ട്രീയ നിലാപടും ജനങ്ങളിലേക്ക് എത്തിക്കാനാണ് പ്രധാനമായും ശ്രമിക്കുക. ഭരണവുമായി ബന്ധപ്പെട്ടുള്ള ചനലമുണ്ടാക്കുന്ന തെരഞ്ഞെടുപ്പല്ലിത്. 99 സീറ്റ് ഇടതുമുന്നണിക്ക് ഇന്ന് കേരളത്തിലുണ്ട്. ഒരു സീറ്റു കൂടി വര്‍ധിച്ച് നൂറിലേക്ക് എത്തുകയെന്നതാണ് ലക്ഷ്യം വെയ്ക്കുന്നത്. വികസന രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്നവര്‍ ഇടതുപക്ഷത്തിനൊപ്പം അണിചേരുമെന്നാണ് കരുതുന്നത്. കെ റെയിലിലൂടെ കാക്കനാട് തൃക്കാക്കര മണ്ഡലം കേരളത്തിന്‍റെ ഹൃദയമായി മാറാന്‍ പോവുകയാണ്. ഏറ്റവും കുറച്ച് ഭൂമി ഏറ്റെടുത്ത് ഏറ്റവും വലിയ സാധ്യത വരുന്ന മണ്ഡലമാണ് തൃക്കാക്കര. അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് കോണ്‍ഗ്രസ്.

അതുകൂടാതെ കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടന്നതിന് കേന്ദ്രം അനുമതി നിഷേധിക്കുന്നു. ഇത് സംബന്ധിച്ച് ഗാന്ധിപ്രതിമയുടെ മുമ്പില്‍ ഒരു പ്ലക്കാര്‍ഡ് പിടിച്ച് ഇരിക്കാന്‍ പോലും കേരളത്തിലെ എംപിമാര്‍ തയ്യാറായിട്ടില്ല. കേരളത്തിന് പദ്ധതി അനുവദിക്കരുതെന്ന് പറഞ്ഞ് ദില്ലിയില്‍ പൊലീസുമായി പോലും ഏറ്റുമുട്ടുന്ന ആളുകള്‍ തൃക്കാക്കരയുടെ വികസനപദ്ധതിക്കായി ഒരു ദിവസം പോലും ധര്‍ണ്ണ ഇരിക്കാന്‍ തയ്യാറായില്ലെന്നത് കാണണം.