തിരുവനന്തപുരം/കണ്ണൂര്‍: പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോദിയുടെ ശ്രമമെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയ്ക്കെതിരെ  പി എസ് ശ്രീധരന്‍പിള്ള. കോടിയേരിയുടെ പ്രസ്താവന ദേശദ്രോഹമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. മുസ്ലീം വികാരം ഉണർത്താനാണ് സിപിഎം ശ്രമിക്കുന്നത്. കോടിയേരിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്നും നാളെയും പ്രതിഷേധ ദിനമായി ആചരിക്കും. പ്രസ്താവന പിൻവലിക്കുന്നില്ലെങ്കിൽ സിപിഎമ്മിന്റെ അംഗീകാരം പിൻവലിക്കണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. 

കോടിയേരിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസും ആവസ്യപ്പെട്ടു. കോടിയേരി നടത്തിയത് രാജ്യദ്രോഹമാണ്. ഇതിനെതിരെ കേസ് എടുക്കണം കോടിയേരി നടത്തിയത് ചാര പ്രവർത്തനമാണെന്നും ഭീകരരിൽ നിന്നും പാകിസ്ഥാനിൽ നിന്നും എന്താണ് ലഭിക്കുന്നതെന്ന് കോടിയേരി പറയണമെന്നും കൃഷ്ണദാസ് പറഞ്ഞു. പാകിസ്ഥാന്റെ രക്ഷാകർത്താവാണ് സിപിഎം എന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. 

പാകിസ്ഥാനിലെ ഇന്ത്യൻ ആക്രമണത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് മോദി സർക്കാർ നടത്തുന്നതെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന. കാശ്മീരിനെ രാജ്യത്തിന്‍റെ ഭാഗമാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.  കേരള സംരക്ഷണ യാത്രയ്ക്ക് നെടുങ്കണ്ടത്ത് നടന്ന സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.