തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടിണികാരണം അമ്മ നാല് കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം കേരളത്തിന് ലജ്ജാകരമാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഇത്തരം വേദനാജനകമായ വാർത്തകൾ കേരളത്തിൽ നിന്ന് ഇനി ഉണ്ടാകാതിരിക്കട്ടെയെന്നും സ്പീക്കർ പറഞ്ഞു. ഇന്നലെയാണ് നാടിനെ ഞെട്ടിച്ച വാര്‍ത്ത പുറത്തുവന്നത്.

തിരുവനന്തപുരം നഗരമധ്യത്തില്‍ വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ ഒരമ്മ തന്‍റെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിന് വിട്ടുനല്‍കുകയായിരുന്നു. കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡില്‍ കഴിയുന്ന കുടുംബത്തിലെ മൂത്തയാള്‍ക്ക് 7 വയസ്സും ഏറ്റവും ഇളയ ആള്‍ക്ക് മൂന്ന് മാസവുമാണ് പ്രായം. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് മദ്യപാനിയാണ്.

ഭക്ഷണത്തിനുള്ള പണമോ മറ്റ് സഹായങ്ങളോ ഭര്‍ത്താവ് നല്‍കിയിരുന്നില്ല. വിശപ്പടക്കാന്‍ മൂത്ത കുട്ടി മണ്ണ് വാരി തിന്ന അവസ്ഥയും ഉണ്ടായി. സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെ എത്തുകയായിരുന്നു. മുലപ്പാല്‍ കുടിക്കുന്ന ഇളയ രണ്ട് കുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാല് കുട്ടികളേയും ശിശുക്ഷേമസമിതി ഏറ്റെടുത്തിരുന്നു.

സംഭവം പുറത്ത് വന്നതിന് പിന്നാലെ നിരവധിപ്പേരാണ് ഇവര്‍ക്ക് സഹായവുമായി രംഗത്തെത്തിയത്. അമ്മയ്ക്ക് താല്‍കാലിക ജോലി നല്‍കുമെന്നും പണിപൂര്‍ത്തിയായ ഒരു ഫ്ലാറ്റ് അടിയന്തരമായി ഇവര്‍ക്ക് നല്‍കുമെന്നും തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ പ്രതികരിച്ചിരുന്നു.

പട്ടിണികാരണം അമ്മ നാല് കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം നേരത്തേ കണ്ടെത്തേണ്ടിയിരുന്നുവെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണവും പരിശോധനയും വേണമെന്നും ഗവണ്‍മെന്‍റ് ഈ സംഭവത്തെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്നും കടകംപളളി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.