Asianet News MalayalamAsianet News Malayalam

പ്രിയതമ ഏറ്റവും ആഗ്രഹിച്ച ദിനം, വേദനയായി വിയോഗം, നീറുന്ന വേദനയിൽ ബാലൻ പൂതേരി പത്മ ഏറ്റുവാങ്ങും

പ്രിയതമയുടെ വിയോഗത്തിന്‍റെ വേദനയ്ക്കിടയിലും ശാന്ത ആഗ്രഹിച്ചതുപോലെ പുരസ്‍കാരം ഏറ്റുവാങ്ങാനാണ് ബാലന്‍റെ തീരുമാനം. താന്‍ ഈ പുരസ്‍കാരം ഏറ്റുവാങ്ങണമെന്നത് ശാന്തയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നെന്ന് ബാലന്‍ പറഞ്ഞു. 

Padma Shri award winner Balan Pootheri s wife died
Author
Delhi, First Published Nov 9, 2021, 2:59 PM IST

ദില്ലി: കാത്തിരുന്ന പത്മപുരസ്‍കാരം (Padma Shri) ഏറ്റുവാങ്ങാനെത്തിയ ദിവസം ഭാര്യയുടെ വിയോഗ വാര്‍ത്ത അറിഞ്ഞ ഞെട്ടലിലും വേദനയിലും എഴുത്തുകാരന്‍ ബാലൻ പൂതേരി (Balan Pootheri). പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ ആ സന്തോഷം കാണാന്‍ പ്രിയതമ ഇനിയില്ലെന്നത് നീറുന്ന വേദന. ഏറെക്കാലമായി അർബുദത്തോട് പൊരുതുകയായിരുന്ന ഭാര്യ ശാന്ത അന്തരിച്ചെന്ന ദുഖവാര്‍ത്ത ഇന്ന് രാവിലെയാണ് ബാലൻ പൂതേരിയെത്തേടി എത്തിയത്. പുരസ്‍കാരം വാങ്ങാന്‍ ദില്ലിയിലെത്തിയതായിരുന്നു ബാലന്‍. ഇരുപത് വർഷം മുൻപ് കാഴ്ച ശക്തി നഷ്ടപ്പെട്ടിട്ടും അകക്കണ്ണിന്‍റെ വെളിച്ചത്തിൽ സാഹിത്യമേഖലയിൽ സജീവമായിരുന്ന ബാലൻ പൂതേരിയുടെ ശക്തിയായിരുന്നു ശാന്ത. 

പ്രിയതമയുടെ വിയോഗത്തിന്‍റെ വേദനയ്ക്കിടയിലും ശാന്ത ആഗ്രഹിച്ചതുപോലെ പുരസ്‍കാരം ഏറ്റുവാങ്ങാനാണ് ബാലന്‍റെ തീരുമാനം. താന്‍ ഈ പുരസ്‍കാരം ഏറ്റുവാങ്ങണമെന്നത് ശാന്തയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നെന്ന് ബാലന്‍ പറഞ്ഞു. ഇത്രയും വലിയ പുരസ്‍കാരം ജീവിതത്തില്‍ കിട്ടുമെന്ന് സ്വപ്‍നത്തില്‍ പോലും കണ്ടിരുന്നില്ല. അത് വാങ്ങാനുള്ള സൗഭാഗ്യം കിട്ടി. എന്നാല്‍ എല്ലായിപ്പോഴും സന്തോഷം ഉണ്ടാകുന്ന സമയത്ത് ദുഖവും കൂടി തേടിയെത്താറുണ്ടെന്ന് ബാലന്‍ വേദനയോടെ പറഞ്ഞു. ഭാര്യയുടെ സംസ്കാരം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് മലപ്പുറം കരിപ്പൂരിൽ വീട്ടുവളപ്പിൽ നടക്കും. ഉച്ചതിരിഞ്ഞാണ് പദ്മ പുരസ്‌കാരങ്ങളുടെ സമർപ്പണവും ദില്ലിയിൽ നടക്കുക. ഇക്കഴിഞ്ഞ ജനുവരയിലാണ് ബാലന്‍ പൂതേരി എന്ന പ്രതിഭയ്ക്ക് രാജ്യം പദ്മശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചത്. 

ജീവിത പ്രയാസങ്ങള്‍ക്കിടയിലും സാമൂഹ്യ സേവനത്തിലൂന്നിയുള്ള ജീവിതമായിരുന്നു ബാലൻ പുതേരിയുടേത്. ഇതിനകം 214 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് ബാലൻ പുതേരി. നൂറുകണക്കിന് പുരസ്ക്കാരങ്ങളും കിട്ടിയിട്ടുണ്ട്. പുരസ്ക്കാരങ്ങളായി കിട്ടിയ തുക കൂട്ടിവച്ച് വീടിനു സമീപത്തുതന്നെ പത്ത് സെന്‍റ് സ്ഥലം വാങ്ങിയിട്ടുണ്ട് ഇദ്ദേഹം. തന്നെയും മകനേയും പോലുള്ള ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ആശ്വാസമാകാൻ. ഇവിടെ ഒരു സാന്ത്വന കേന്ദ്രം പണിയണമെന്നതുമാത്രമാണ് ബാലൻ പുതേരിയുടെ സ്വപ്നം. 1983ലാണ് ബാലന്‍ പൂതേരിയുടെ ആദ്യ പുസ്‍തകം പുറത്തിറങ്ങുന്നത്.  ‘ക്ഷേത്ര ആരാധന’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. 

Follow Us:
Download App:
  • android
  • ios