തിരുവനന്തപുരം: പദ്മനാഭ ക്ഷേത്രം ഉടമസ്ഥതയെ സംബന്ധിച്ച കേസില്‍ സുപ്രീം കോടതി വിധിയില്‍ ഉറ്റുനോക്കി കേരളം. ക്ഷേത്ര ഉടമസ്ഥത, ക്ഷേത്ര ഭരണം, രാജകുടുംബത്തിന്റെ അവകാശം, ബി നിലവറ തുറക്കല്‍ എന്നീ കാര്യങ്ങളിലാണ് സുപ്രീം കോടതിയില്‍ തീര്‍പ്പുണ്ടാകുക. വിധി പുറപ്പെടുവാനിരിക്കെ തര്‍ക്കത്തെ സംബന്ധിച്ചും കേസിനെ സംബന്ധിച്ചുമുള്ള നാള്‍വഴികള്‍ ഇങ്ങനെ. 

2011 ലെ കേരള ഹൈക്കോടതി വിധി

ക്ഷേത്ര ഭരണം സംസ്ഥാന സര്‍ക്കാരിനെന്ന് വ്യക്തമാക്കി. രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാനാവില്ലന്നും അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രനും കെ. സുരേന്ദ്ര മോഹനുമാണ് വിധി പറഞ്ഞത്. 

രാജകുടുംബം സുപ്രീംകോടതിയില്‍ 

ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സുപ്രീം കോടതിയെ സമീപിച്ചു. ക്ഷേത്ര സ്വത്ത് പ്രതിഷ്ഠക്ക് അവകാശപ്പെട്ടതാണെന്നും നോക്കി നടത്താനുള്ള അവകാശം രാജകുടുംബത്തിന് വേണമെന്നും രാജകുടുംബം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. സ്വത്തില്‍ അവകാശം ഉന്നയിക്കുന്നില്ല. പത്മനാഭ സ്വാമി ക്ഷേത്രം  പൊതുക്ഷേത്രമാണെന്നും രാജകുടുംബം പത്മനാഭ ദാസന്മാരാണെന്നും രാജകുടുംബം ഹര്‍ജിയില്‍ പറഞ്ഞു. 
ബി നിലവറ ഇതുവരെ തുറന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ക്ഷേത്ര ഭരണത്തിന് റിട്ട. ഹൈക്കോടതി ജഡ്ജി തലവനായ അഞ്ചംഗ സമിതി വേണം. സമിതി അദ്ധ്യക്ഷനെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തീരുമാനിക്കണം
 

സംസ്ഥാന സര്‍ക്കാരിന്റെ വാദം

ക്ഷേത്ര ഭരണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ഗുരുവായൂര്‍ മാതൃകയില്‍ ബോര്‍ഡ് രൂപീകരിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ക്ഷേത്രം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും 
രാജകുടുംബത്തിന് പിന്തുടര്‍ച്ചാവകാശം ഇല്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. ബി നിലവറ തുറന്ന് കണക്കെടുക്കണം. ബി നിലവറ തുറന്നിട്ടില്ലെന്ന രാജകുടുംബത്തിന്റെ വാദത്തെ സര്‍ക്കാര്‍ എതിര്‍ത്തു. ബി നിലവറ മുമ്പ് പലതവണ തുറന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. ക്ഷേത്ര ഭരണത്തിനായി എട്ടംഗ സമിതിയെ ചുമതലപ്പെടുത്താം. അഞ്ചു പേരെ ഹിന്ദു മന്ത്രിമാര്‍ തെരഞ്ഞെടുക്കും. സമിതിയില്‍ വനിത, പട്ടികവിഭാഗ പ്രതിനിധികള്‍ ഉള്‍പ്പെടുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

തുറക്കുമോ ബി നിലവറ?

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആറ് നിലവറകളാണുള്ളത്. എ,ബി നിലവറകളില്‍ അമൂല്യ വസ്തുക്കള്‍. എ നിലവറ തുറന്ന് കണക്കെടുത്തു. ഇനി തുറക്കാന്‍ ബി നിലവറ മാത്രം. എ നിലവറയില്‍ ഒന്നേകാല്‍ ലക്ഷം കോടിയുടെ അമൂല്യ വസ്തുക്കള്‍. സി,ഡി നിലവറകളില്‍ ഉത്സവ ആഭരണങ്ങള്‍.  ഇ,എഫ് നിലവറകള്‍ എപ്പോഴും തുറക്കുന്നവയാണ്. ബി നിലവറ തുറക്കാനാകില്ലെന്നാണ് രാജകുടുംബം വാദിക്കുന്നത്. എന്നാല്‍ഏഴ് തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന് മുന്‍ സിഎജി വിനോദ് റായ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതേ വാദമാണ് സംസ്ഥാന സര്‍ക്കാറും ഉന്നയിക്കുന്നത്. 

2012ല്‍ അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യം അമിക്കസ്‌ക്യൂറി

ക്ഷേത്രം സന്ദര്‍ശിച്ച് അമിക്കസ്‌ക്യൂറി  575 പേജുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ക്ഷേത്രത്തില്‍ നിന്ന് 266 കിലോ സ്വര്‍ണ്ണം നഷ്ടമായെന്നും ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ സുരക്ഷിതമല്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ലക്ഷങ്ങള്‍ വിലമതിക്കുന്ന വജ്രങ്ങളും കാണാതായി. കാണാതായതിനെ കുറിച്ച് അന്വേഷണം വേണം. റിപ്പോര്‍ട്ട് പ്രകാരം ക്ഷേത്ര ഭരണം താല്‍കാലിക സമിതിക്ക് വിട്ടു. 2015ല്‍ ഗോപാല്‍ സുബ്രഹ്മണ്യം ഒഴിഞ്ഞു

വിധി പറയുന്ന ജഡ്ജിമാര്‍
ആദ്യം കേസ് പരിഗണിച്ചത് ജസ്റ്റിസ് ആര്‍.എം.ലോധ, ജസ്റ്റിസ് എ.കെ.പട്‌നായിക്. ഇപ്പോള്‍ വിധി പറയുന്നത് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര