1965ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് കറാച്ചിയിൽ നിന്ന് കൊച്ചിയിൽ വന്ന് വീണ ബോംബ് മലയാളിയെ പേടിപ്പിച്ച കഥ
കൊച്ചി: അതിര്‍ത്തിയില്‍ പാകിസ്ഥാനുമായി സംഘര്‍ഷം കടുക്കുമ്പോഴും ഇങ്ങ് കേരളത്തില്‍ പൊതുവില്‍ സുരക്ഷിത തീരത്തായിരുന്നു മലയാളി. എന്നാല്‍ രാജ്യത്തിന്‍റെ തെക്കേ അറ്റത്തുള്ള മലയാളിയും പേടിച്ചു പോയൊരു യുദ്ധകാലം ഉണ്ടായിരുന്നു പണ്ട്. 1965ലെ ഇന്ത്യ - പാക് സംഘര്‍ഷ കാലത്ത് കറാച്ചിയില്‍ നിന്ന് കൊച്ചി നഗരത്തില്‍ വന്ന് വീണതായി പറയപ്പെടുന്ന ഒരു ബോംബാണ് അന്ന് മലയാളിയെ പേടിപ്പിച്ചത്. മറ്റൊരു സംഘര്‍ഷകാലത്ത് ആ ബോംബ് കഥയുടെ ഓര്‍മയില്‍ ജീവിക്കുന്നവരൊരുപാടുണ്ട് മെട്രോ നഗരത്തില്‍.
ഇതൊരു ബോംബ് കഥയാണ്. 1965 ലെ ഇന്ത്യാ പാക് യുദ്ധകാലത്ത് പാകിസ്ഥാനില്‍ നിന്ന് കൊച്ചിയില്‍ വന്ന് വീണതായി പറയപ്പെടുന്ന ഒരു ബോംബിന്‍റെ കഥ. 65ലെ സെപ്റ്റംബര്‍ മാസത്തിലെന്നോ ഒരു രാത്രിയിലാണത്രേ ഈ സംഭവം നടന്നത്. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് പറന്നു വന്ന ഒരു വിമാനത്തില്‍ നിന്ന് ബോംബുകള്‍ വര്‍ഷിച്ചെന്നും അവ വെണ്ടുരുത്തി പാലത്തിനടുത്തോ മുളവുകാട് ഭാഗത്തോ കായല്‍ ചതുപ്പില്‍ പതിച്ചതിനാല്‍ അപകടമൊന്നും ഉണ്ടാകാതെ പോയെന്നുമുള്ള ഓര്‍മയുമായി ജീവിക്കുന്ന കൊച്ചിക്കാര് ഒരുപാട് പേരുണ്ട് ഇന്നും.
കറാച്ചിയില്‍ നിന്നൊരു വിമാനം അതും അന്നത്തെ കാലത്ത് രണ്ടായിരം കിലോ മീറ്ററോളം അകലെയുള്ള കൊച്ചിയിലേക്ക് വന്ന് ബോംബിടുമോ എന്നതടക്കം ഇന്നും സംശയങ്ങളൊരുപാടുണ്ട് കൊച്ചിയില്‍ വീണെന്നു പറയുന്ന ആ ബോംബിനെ കുറിച്ച്. പഴയ കൊച്ചിക്കാര്‍ക്കിടയില്‍ ഈ ബോംബ് കഥ ഇന്നും പ്രചാരത്തിലുണ്ടെങ്കിലും ഏതെങ്കിലും ഔദ്യോഗിക രേഖകളില്‍ ഈ ബോംബുണ്ടോ എന്ന കാര്യം വ്യക്തമല്ല. കൊച്ചിക്കാരനായ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ ലന്തന്‍ബത്തേരിയിലെ ലുത്തീനിയകള്‍ എന്ന നോവലില്‍ ഈ ബോംബ് കഥ പരാമര്‍ശിക്കുന്നുമുണ്ട്.

ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുന്നതും ഒരിക്കലും സ്ഥിരീകരണം ഉണ്ടാകാത്തതുമായ വിവരങ്ങളുടെ കൂടി പ്രളയകാലമാണ് ഓരോ യുദ്ധകാലവും. അത് അന്നുമതെ ഇന്നുമതെ. ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ ഇന്ത്യ - പാക് സംഘര്‍ഷകാലത്തും അന്ന് മുളവുകാട്ടെ ചതുപ്പില്‍ വീണ് നിര്‍വീര്യമായതായി പറയപ്പെടുന്ന ആ ബോംബ് ഒരുപാട് പേരുടെ മനസില്‍ നിന്ന് ഉയര്‍ന്നു വന്നു കൊണ്ടേയിരിക്കും.


