കോട്ടയം: പാലാ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുമ്പോഴും പിജെ ജോസഫ് വിഭാഗവുമായി യുഡിഎഫ് ഉപസമിതി വിളിച്ച സമവായ ചര്‍ച്ച നടന്നില്ല. യുഡിഎഫ് കൺവീനറുടെ സാന്നിധ്യത്തിൽ മാത്രമെ ചര്‍ച്ച നടത്തു എന്ന് പിജെ ജോസഫ് വിഭാഗം നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു. വിദേശത്തായിരുന്ന ബെന്നി ബെഹ്നാൻ എത്താൻ വൈകിയതിനെ തുടര്‍ന്നാണ് നാളത്തേക്ക് ചര്‍ച്ച മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. 

സമാന്തര പ്രചാരണം ഉണ്ടാകില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഒരുമിക്കാവുന്ന തരത്തിലുള്ള യോജിപ്പ് ഇത് വരെ ജോസ് കെമാണി പിജെ ജോസഫ് പക്ഷങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. പ്രചാരണ പ്രവര്‍ത്തനങ്ങളിൽ ഇരു വിഭാഗവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന നിലപാടാണ് കോൺഗ്രസിനും യുഡിഎഫ് നേതൃത്വത്തിന് പൊതുവെയും ഉള്ളത്. അതേ സമയം സമവായ ചര്‍ച്ചക്ക് ഒരുക്കമാണെങ്കിലും അത് യുഡിഎഫ് കൺവീനറുടെ സാന്നിധ്യത്തിൽ മാത്രമെ നടക്കു എന്ന നിലപാടിലാണ് പിജെ ജോസഫ് പക്ഷം. 

മാത്രമല്ല കേരളാ കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിൽ വന്ന കടുത്ത വിമര്‍ശനവും യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലേക്ക് എത്തിയ ജോസഫിന് നേരെ കൂവി വിളിച്ചതും വലിയ പ്രതിഷേധമാണ് ജോസഫ് വിഭാഗം നേതാക്കൾക്കിടയിൽ ഉണ്ടാക്കിയിട്ടുള്ളത്.