കോട്ടയം: പാലാ രൂപതാ പരിധിയിലും മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിക്കുന്നതായി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് സഭാ നേതൃത്വം ആവശ്യപ്പെടുന്നത്. ദഹിപ്പിച്ചതിന് ശേഷം ചിതാഭസ്മം ബന്ധുക്കൾക്ക് കൈമാറാനോ വായുവില്‍ വിതറാനോ വെള്ളത്തില്‍ ഒഴുക്കാനോ പാടില്ല. ഇത് യഥാവിധി സഭാ നിയമങ്ങൾക്ക് അനുസൃതമായി മൃതദേഹം അടക്കുന്നതുപോലെ അടക്കം ചെയ്യണമെന്നും ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി.

നേരത്തെ ആലപ്പുഴയിൽ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം ദഹിപ്പിച്ചിരുന്നു. കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് സംബന്ധിച്ച് വലിയ അനിശ്ചിതത്വങ്ങൾ നിലനിൽക്കേയായിരുന്നു ലത്തീൻ രൂപതയുടെ മാതൃകാപരമായ നടപടി. ആലപ്പുഴ മാരാരിക്കുളത്ത് മരിച്ച ത്രേസ്യാമ്മയുടെ മൃതദേഹമാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇടവക സെമിത്തേരിയിൽ ദഹിപ്പിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ച പുക തട്ടിയാൽ രോഗമുണ്ടാകുമെന്ന തരത്തിലുള്ള വ്യാജപ്രചാരണം അടക്കം പരക്കുമ്പോഴാണ് രൂപതയുടെ മാതൃകാപരമായ തീരുമാനം. 

നിലവിൽ ആലപ്പുഴയിൽ പല ഇടത്തും കുഴിയെടുത്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം അടക്കം ചെയ്യാനുള്ള സാഹചര്യമില്ലാത്തതിനാലാണ് മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകാൻ രൂപത തീരുമാനിച്ചത്. മാതൃകാപരമായ തീരുമാനമെടുത്ത സഭാനേതൃത്വത്തെ മുഖ്യമന്ത്രി അടക്കം പ്രശംസിച്ചിരുന്നു.