ബിഷപ്പ് പറഞ്ഞത് ഏതെങ്കിലും സമുദായത്തിന് എതിരല്ല. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ അവസാനിപ്പിക്കണം. പരസ്പരം തിരുത്തി ഒരുമയോടെ മുന്നോട്ട് പോകാമെന്ന് പാലാ രൂപത.

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയിൽ വിശദീകരണവുമായി പാലാ രൂപത. സമൂഹത്തിലെ അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ബിഷപ്പ് നൽകിയതെന്ന് സഹായമെത്രാൻ വിശദീകരിച്ചു. ഇത് ഏതെങ്കിലും സമുദായത്തിന് എതിരല്ല. ആരെയും വേദനപ്പിക്കാൻ ബിഷപ്പ് ശ്രമിച്ചിട്ടില്ല. തെറ്റിദ്ധാരണജനകമായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സഹായമെത്രാൻ അഭ്യാർത്ഥിച്ചു.

പരസ്പരം തിരുത്തി ഒരുമയോടെ മുന്നോട്ട് പോകാം. മതങ്ങളുടെ പേരും ചിഹ്നവും ഉപയോഗിച്ച് സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന വളരെ ചെറിയ വിഭാഗത്തിന്‍റെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണമെന്നും സഹായ മെത്രാൻ മാര്‍ ജേക്കബ് മുരിക്കൻ സഹായ മെത്രാൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്താവന സമൂഹത്തിന് ദോഷമാകുന്ന രീതിയില്‍ ചര്‍ച്ചയാക്കേണ്ടെന്ന നിലപാടിലാണ് എല്‍ഡിഎഫും യുഡിഎഫും. അതേസമയം പ്രാദേശിക നേതൃത്വങ്ങള്‍ ബിഷപ്പിന് പിന്തുണ അറിയിക്കുന്നത് രണ്ട് മുന്നണികള്‍ക്കും തലവേദനയുണ്ടാക്കുന്നു. ക്രൈസ്തവരും ഹിന്ദുക്കളും അനുഭവിക്കുന്ന കാര്യമാണ് ബിഷപിന്‍റെ വാക്കുകളെന്ന് പറഞ്ഞ് വിഷയം പരമാവധി സജീവമാക്കുകയാണ് ബിജെപി.

പാലാ ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വലിയ വിവാദമാകുന്നതിനിടെയാണ് ഏത് രീതിയില്‍ ഇത് ചര്‍ച്ച ചെയ്താലും സമൂഹത്തിന് ദോഷമായിരിക്കുമെന്ന നിലപാട് എല്‍ഡിഎഫ് യുഡിഎഫ് നേതാക്കള്‍ സ്വീകരിക്കുന്നത്. ബിഷപിനെ അനുകൂലിച്ചും എതിര്‍ത്തും പ്രകടനങ്ങളും പരസ്യപ്രസ്താവനകളും തുടരുകയാണ്. കൃത്യമായ വേര്‍തിരിവുണ്ടാക്കുന്ന അഭിപ്രായപ്രകടനങ്ങളില്‍ നിന്ന് മാറി നില്‍ക്കാനാണ് ഇരുനേതൃത്വങ്ങളും ആവശ്യപ്പെടുന്നത്.

അതേസമയം തന്നെ യുഡിഎഫിനൊപ്പം നില്‍ക്കുന്ന മാണി സികാപ്പന്‍ എംഎല്‍എയും, എല്‍ഡിഎഫിനൊപ്പമുള്ള ജോസ് കെ മാണി വിഭാഗം വനിതാ നേതാവും ബിഷപ്പിന് പരസ്യപിന്തുണ നല്‍കി. കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷയും കേരളാ കോണ്‍ഗ്രസ് എം വനിതാവിഭാഗം സംസ്ഥാന അധ്യക്ഷയുമായ നിര്‍മ്മലാ ജിമ്മി ബിഷപിനെ കണ്ട് പിന്തുണയറിയിച്ച ശേഷമാണ് പ്രതികരിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona