പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണയോടെ യുഡിഎഫ് വിമത സ്ഥാനാർത്ഥി ബിജു മാത്യൂസ് വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ പനയ്ക്കലിനെയാണ് പരാജയപ്പെടുത്തിയത്.

കോട്ടയം: പാലാ വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ്-യുഡിഎഫ് വിമത സഖ്യത്തിന് ജയം. യുഡിഎഫിന്‍റെ വിമത സ്ഥാനാര്‍ത്ഥി ബിജു മാത്യൂസാണ് വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ബിജുവിന് 14 വോട്ടുകളും യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ പനയ്ക്കലിന് 11 വോട്ടുകളുമാണ് ലഭിച്ചത്. അതേസമയം, യുഡിഎഫ് വിമത കൗൺസിലർ ടോണി തൈപറമ്പിൽ വോട്ട് ചെയ്തത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കാണ്. മറ്റൊരു വിമതയായ രജിതാ പ്രകാശ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.

വൈസ് ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് വിമതർക്കിടയില്‍ തർക്കം നിലനിന്നിരുന്നു. കൗൺസിലർമാരായ ബിജു മാത്യൂസും ടോണി തൈപ്പറമ്പിലുമാണ് വൈസ് ചെയർമാൻ സ്ഥാനത്തിനുവേണ്ടി തമ്മിലടിച്ചത്. പിന്നാലെ ബിജു മാത്യൂസിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയായിരുന്നു. വൈസ് ചെയർപേഴ്സൺ സ്ഥാനം കിട്ടാത്തതിനെ തുടർന്നാണ് ടോണി തൈപ്പറമ്പിൽ തിരികെ യുഡിഎഫ് പാളയത്തിലേക്ക് പോയത്. കേരള കോൺഗ്രസ് എമ്മും പുതിയ വൈസ് ചെയർപേഴ്സണും തമ്മിലുള്ള കുതിരക്കച്ചവടമാണ് നഗരസഭയിലെന്ന് ടോണി തൈപ്പറമ്പിൽ വിമര്‍ശിച്ചു. യുഡിഎഫ് വിമതരെ തമ്മിലടിപ്പിച്ച് കേരള കോൺഗ്രസ് എം നേട്ടം ഉണ്ടാക്കിയെന്നും ടോണി തൈപറമ്പിൽ കുറ്റപ്പെടുത്തി. ഈ ആരോപണത്തെ കേരള കോൺഗ്രസ് എം പാർലമെന്ററി പാർട്ടി ലീഡർ ബിജു പാലൂപടവൻ തള്ളി. മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ അവിശ്വാസം കൊണ്ടുവരാനാണ് എൽഡിഎഫും യുഡിഎഫ് വിമതരും ഒന്നിച്ച് മുന്നണിയായത്. ചെയർപേഴ്സൺ തെരഞ്ഞെടുപ്പിലും ഈ സഖ്യമുണ്ടായിരുന്നു. പിന്നീട് നടന്ന സംഭവവികാസങ്ങളെ തുടർന്നാണ് സഖ്യത്തിൽ വിള്ളൽ വീണത്.

യുഡിഎഫ് വിമതർക്കായിരുന്നു എൽഡിഎഫിന്റെ പിന്തുണ. യുഡിഎഫ് വിമതരുടെ പിന്തുണയോടെയാണ് എൽഡിഎഫ് ചെയർപേഴ്സണെതിരെയുള്ള അവിശ്വാസവും പാസാക്കിയത്. യുഡിഎഫ് വിമതയായ മായാ രാഹുലിന് എൽഡിഎഫ് വോട്ട് ചെയ്ത് ചെയർപേഴ്സൺ ആക്കി. മുമ്പ് നഗരസഭയുടെ വൈസ് ചെയർപേഴ്സനായിരുന്നു മായാ രാഹുൽ.

YouTube video player