ഒരാഴ്ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് അഭിഷേക് കൊലപാതകത്തിന് ഉപയോഗിച്ച ബ്ലേഡ് വാങ്ങിയത്. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു.

കോട്ടയം: പാലായിൽ സഹപാഠിയെ കുത്തിക്കൊന്ന പ്രതി അഭിഷേകിനെ കൊലനടന്ന പാലാ സെന്‍റ് തോമസ് കോളേജിൽ എത്തിച്ച് തെളിവെടുത്തു. 10 മിനിറ്റോളമെടുത്താണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. നിതിനയെ കുത്തി വീഴ്ത്തിയ രീതിയും തുടർന്ന് ബെഞ്ചിൽ ചെന്നിരുന്നതെല്ലാം അഭിഷേക് വ്യക്തമായി വിശദീകരിച്ചു. പാലാ ഡിവൈഎസ്‍പിയുടെ നേതൃത്തിൽ ആയിരുന്നു തെളിവെടുപ്പ്. ഇനി കൊല നടത്താനായി കത്തി വാങ്ങിച്ച കടയിൽ എത്തിയാണ് തെളിവെടുക്കേണ്ടത്. അത് അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങിയ ശേഷം നടത്താനാണ് പൊലീസ് തീരുമാനം. കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് അഭിഷേക് കൊലപാതകത്തിന് ഉപയോഗിച്ച ബ്ലേഡ് വാങ്ങിയത്. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു.

YouTube video player

അതേസമയം നിതിനയുടെ സംസ്ക്കാര ചടങ്ങുകള്‍ ബന്ധുവീട്ടില്‍ നടന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള കുത്തിൽ രക്ത ധമനികൾ മുറിഞ്ഞ് രക്തം വാർന്നതാണ് നിതിനയുടെ മരണ കാരണമെന്നാണ് പോസ്റ്റുമോട്ടം റിപ്പോർട്ടിലുള്ളത്. പ്രണയ നൈരാശ്യത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതി അഭിഷേക് നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. ഒക്ടോബർ ഒന്നിന് രാവിലെ പതിനൊന്നരയോടെയാണ് കോളേജ് ക്യാമ്പസില്‍ വെച്ച് കൊലപാതകം നടന്നത്. അവസാനവർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും. പതിനൊന്ന് മണിയോടെ പരീക്ഷ ഹാളിൽ നിന്ന് അഭിഷേക് ഇറങ്ങി. നിതിനയെ കാത്ത് വഴിയരികിൽ നിന്ന അഭിഷേക് വഴക്കുണ്ടാക്കി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.