പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണം ഊർജിതം. ഭാര്യയുടെ അമ്മാവൻ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. എലമന്ദം സ്വദേശി അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു.

വൈകീട്ട് 6.30 ഓടെയാണ് നാടിനെ നടുക്കിയ അരും കൊല.കുഴൽമന്ദം എല മന്ദം സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. പ്രണയ വിവാഹത്തിന്‍റെ പേരിൽ അനീഷിന്‍റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു. ഇത് പൊലീസും സ്ഥിരീകരിക്കുന്നു. 

ബൈക്കിൽ കടയിലേക്ക് പോയ അനീഷിനേയും സഹോദരനേയും ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും ചേർന്ന് വെട്ടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി അനീഷ് മരിച്ചു.

മൂന്ന് മാസം മുൻപാണ് ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിനിടെ നിരവധി തവണ ഹരിതയുടെ ബന്ധുക്കൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബം പറഞ്ഞു. സുരേഷ് പൊലീസ് കസ്റ്റഡിയിലായെന്നാണ് സൂചന. അച്ഛൻ പ്രഭുകുമാർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.