യോഗം പ്രഹസനമെന്ന് ആരോപിച്ചാണ് ബിജെപി യോഗം ബഹിഷ്കരിച്ചത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് പാലക്കാട് കളക്ട്രേറ്റില്‍ വച്ച് സര്‍വ്വകക്ഷിയോഗം വിളിച്ചത്. മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. 

പാലക്കാട്: പാലക്കാട്ട് (Palakkad) സമാധാനം പുനഃസ്ഥാപിക്കാനായി സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗത്തിൽ നിന്ന് ആർഎസ്എസ്-ബിജെപി 
(BJP) നേതാക്കൾ ഇറങ്ങിപ്പോയി. യോഗം പ്രഹസനമാണെന്നും അന്വേഷണം ഏകപക്ഷീയം ആണെന്നും ആരോപിച്ചായിരുന്നു ആര്‍എസ്എസ്-ബിജെപി നേതാക്കൾ സമാധാന യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. ബിജെപി ഒഴികെ മറ്റെല്ലാ കക്ഷികളും സമാധാന ശ്രമങ്ങളുമായി സഹകരിച്ചെന്നും ശക്തമായ പെലീസ് നടപടി ഉണ്ടാകുമെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.

മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ പാലക്കാട് കളക്ടറേറ്റിൽ സമാധാന യോഗം ചേർന്നത് ഉച്ച തിരിഞ്ഞ് 3.45 ന്. യോഗം തുടങ്ങി 15 മിനിറ്റിനകം ആര്‍എസ്എസ്-ബിജെപി നേതാക്കൾ യോഗ ഹാൾ വിട്ടിറങ്ങി. യോഗം പ്രഹസനമെന്നും യോഗം നിയന്ത്രിക്കുന്നതിനെച്ചൊല്ലി എം പി വി കെ ശ്രീകണ്ഠനും മുൻ എം പി എന്‍ എന്‍ കൃഷ്ണദാസും തമ്മിൽ തർക്കം തുടരുന്നതിനാൽ യോഗത്തിൽ ഇരിക്കുന്നതിൽ അർത്ഥമില്ലെന്നുമായിരുന്നു നേതാക്കളുടെ ആദ്യ പ്രതികരണം. തുടർന്ന് ഇറങ്ങിപ്പോക്കിലേക്ക് നയിച്ച മറ്റ് കാരണങ്ങളും ആര്‍എസ്എസ്-ബിജെപി നേതാക്കൾ വ്യക്തമാക്കി. പൊലീസിന്റെ അറസ്റ്റും അന്വേഷണവും പ്രഹസനമാണ്. ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത് കൊല്ലപ്പെട്ട ഘട്ടത്തിൽ സർക്കാർ സമാധാന യോഗം വിളിച്ചില്ല. സഞ്ജിതിന്റെ ഭാര്യയെ ചോദ്യം ചെയ്യാനെന്ന പേരിൽ പൊലീസ് ബുദ്ധിമുട്ടിക്കുകയാണ്. 

എന്നാൽ ഇറങ്ങിപ്പോകാൻ നേരത്തെ തീരുമാനമെടുത്ത് വന്നാൽ എന്ത് ചെയ്യാനാകുമെന്നായിരുന്നു മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ പ്രതികരണം. തുടർ ചർച്ചകളിലേക്ക് ബിജെപിയെ വീണ്ടും ക്ഷണിക്കും. സഹകരിക്കുമെന്ന് എസ്ഡിപിഐ പ്രതിനിധികൾ പറഞ്ഞു. ബിജെപി നിലപാട് സമാധാന ശ്രമങ്ങൾക്ക് തടസമെന്നും എസ്ഡിപിഐ നേതാക്കൾ വ്യക്തമാക്കി.

Also Read: നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരം; പാലക്കാട് ഇരട്ടക്കൊലപാതകത്തെ അപലപിച്ച് ​ഗവർണർ

അതേസമയം, പാലക്കാട് ഇരട്ടക്കൊലകളിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈർ വധക്കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ട മൂന്ന് പേർ പിടിയിലായി. പാലക്കാട് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ ഉച്ചയോടെയാണ് പിടികൂടിയത്. ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധ കേസിലെ ആറ് പ്രതികളെയും തിരിച്ചരിഞ്ഞതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു.

ഇരട്ടകൊലപാതകത്തിൽ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പൊലീസിനെതിരായ പ്രതിഷേധം ഉയർന്നതിന് പിറകെയാണ് കൃത്യത്തിൽ നേരിട്ട് പങ്കാളികളായ മൂന്ന് പ്രതികളെ പ്രത്യേക സംഘം പിടികൂടിയത്. സുബൈറിനെ കൊലപ്പെടുത്താൻ അക്രമികളെത്തിയ കാർ വാടകയ്ക്കെടുത്ത എലപ്പുള്ളി സ്വദേശി രമേശ്, കാബ്രത്തെ അറുമുഖൻ, മലന്പുഴ കല്ലേപ്പള്ളിയിലെ ശരവൺ എന്നിവരെയാണ് പിടിയുള്ളത്. സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിൽ ഉൾപ്പെട്ടവരാണിവർ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതികളുടെ സിസിടിവി ദൃശ്യം നേരത്തെ കഞ്ചിക്കോടിന് സമീപത്ത് നിന്ന് പൊലീസിന് ലഭിച്ചിരുന്നു. കസ്റ്റഡിയിലുള്ളവർ നേരത്തെ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ സുഹൃത്തുക്കളാണ്. പിടിയിലായ രമേശൻ കൊല്ലപ്പെട്ട സുബൈറിൻ്റെ വീടിനടുത്താണ് താമസിക്കുന്നത്.