മുറിവേറ്റവരും വെട്ടിനിരത്തലിന് നേതൃത്വം നല്‍കിയവരും ജില്ലാ സമ്മേളനത്തിനെത്തുന്പോള്‍ ചര്‍ച്ചകള്‍ക്ക് വീറേറും

പാലക്കാട്: സി പി എം ജില്ലാ സമ്മമേളനത്തിനുള്ള(cpm district meetings) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി(completed the works). 31, 1, 2 തീയതികളിലാണ് സമ്മേളനം. കീഴ് ഘടകളങ്ങളിലെ വിഭാഗീയതയും സഹകരണ ബാങ്ക് അഴിമതികളും ജില്ലാ സമ്മേളനത്തിലും ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കും. ലോക്കല്‍, ഏരിയാ സമ്മേളനങ്ങളിലുണ്ടായ പ്രശ്നങ്ങള്‍ക്ക് പ്രത്യയ ശാസ്ത്ര അടിത്തറയില്ലെന്നും അത് പ്രാദേശികവും വ്യക്തിപരവുമായിരുന്നെന്നാണ് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍ വിശദീകരിക്കുന്നത്.

ബ്രാഞ്ച് തലം മുതല്‍ ഏരിയാ തലം വരെയുള്ള സമ്മേളനങ്ങള്‍ പൂര്‍ണമായും പാര്‍ട്ടി അച്ചടക്കം പാലിച്ചല്ല പാലക്കാട്ട് പൂര്‍ത്തതിയാക്കിയത്. പതിനഞ്ചില്‍ ഒന്പത് ഏരിയാ സമ്മേളനത്തിലും മത്സരമുണ്ടായി. കൊല്ലങ്കോടും തൃത്താലയിലും ചെര്‍പ്പുളശേരിയിലും നിലവിലെ സെക്രട്ടറിമാര്‍ തോറ്റു. പുതുശേരി ഏരിയാകമ്മിറ്റിക്ക് കീഴിലുള്ള സമ്മേളനങ്ങളില്‍ പലയിടത്തും അടിപൊട്ടി. വാളയാറിലും എലപ്പുള്ളിയിലും ലോക്കല്‍ സമ്മേളനം നിര്‍ത്തിവച്ചു. പാര്‍ട്ടി അച്ചടക്കത്തിന്‍റെ വാള്‍ പുറത്തെടുത്താണ് പുതുശേരി ഏരിയാ സമ്മേളനം പൂര്‍ത്തീകരിച്ചത്. കോങ്ങാട് എംഎല്‍എ ശാന്തകുമാരിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബിനുമോളും ജില്ലാ സമ്മേളന പ്രതിനിധിയാക്കാതെ പുറത്തതായി. കണ്ണന്പ്ര ഭൂമി ഇടപാട്, ഒറ്റപ്പാലം അര്‍ബന്‍ ബാങ്ക് അഴിമതി എന്നിവയില്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്ന സി.കെ. ചാമുണ്ണി, മുന്‍ എംഎല്‍എ എം. ഹംസ എന്നിവര്‍ നടപടി നേരിട്ടു. മുറിവേറ്റവരും വെട്ടിനിരത്തലിന് നേതൃത്വം നല്‍കിയവരും ജില്ലാ സമ്മേളനത്തിനെത്തുന്പോള്‍ ചര്‍ച്ചകള്‍ക്ക് വീറേറും.

മൂന്നു ടേം കാലാവധി പൂര്‍ത്തീകരിക്കുന്ന നിലവിലെ ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന് പകരക്കാരനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവം. സംസ്ഥാന നേതൃത്വം ശക്തമായി നിര്‍ദ്ദേശിച്ചാല്‍ എന്‍.എന്‍. കൃഷ്ണദാസിന് നറുക്കുവീഴാം. ആരോപണങ്ങളെത്തുടര്‍ന്ന് രണ്ടാം മൂഴത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നും മാറ്റിനിര്‍ത്തിയ പി.കെ. ശശിയെ ജില്ലാ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ശശി അനുകൂലികള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ കെടിഡിസി ചെയര്‍മാര്‍ സ്ഥാനത്ത് എത്തി അധികമാവാത്തതിനാല്‍ പാര്‍ട്ടി നേതൃത്വം ശശിയെ പരിഗണിക്കാനിടയില്ല. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ വി. ചെന്താമരാക്ഷന്‍, വി.കെ. ചന്ദ്രന്‍, ഇ.എന്‍. സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് പാര്‍ട്ടി ചര്‍ച്ചകളിലുള്ളത്. 31 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പാലക്കാട് പിരായിരിയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുക.