കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച പാലക്കാട് അബ്കാരി മുന്ന വധക്കേസിൽ 34 വർഷങ്ങൾക്ക് ശേഷം വിധി പ്രസ്താവിച്ചു. തെളിവുകളുടെ അഭാവത്തിൽ കേസിലെ മൂന്ന് പ്രതികളെയും തിരുവനന്തപുരം സിബിഐ കോടതി വെറുതെ വിട്ടു
തിരുവനന്തപുരം: കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച പാലക്കാട് അബ്കാരി മുന്ന വധക്കേസിൽ 34 വർഷങ്ങൾക്ക് ശേഷം വിധി. കേസിലെ മൂന്ന് പ്രതികളെയും തിരുവനന്തപുരം സി ബി ഐ കോടതി വെറുതെ വിട്ടുകൊണ്ടാണ് വിധി പ്രസ്താവിച്ചത്. അബ്കാരി കരാറുകാരൻ വിജയൻ, മുൻ എം എൽ എ പി കുമാരന്റെ മകൻ സുധീർ, ഇവരുടെ മാനേജർ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. അബ്കാരി പകയാണ് കൊലയ്ക്ക് കാരണം എന്നായിരുന്നു കേസ്. വ്യാപാരാഭിവൃദ്ധിയും ബിസിനസ് വൈരാഗ്യവുമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു സി ബി ഐയുടെ കണ്ടെത്തൽ. മണ്ണാർക്കാട് മേഖലയിലെ അബ്കാരി ലേലവുമായി ബന്ധപ്പെട്ട മുൻവിരോധവും ബിസിനസ്സ് മത്സരവുമാണ് കൊലപാതകത്തിന് കാരണമായി എന്നടക്കം സി ബി ഐ വാദിച്ചിരുന്നു.
കോളിളക്കം സൃഷ്ടിച്ച കൊലപാതകം
1992 ഏപ്രിൽ 11 നാണ് ശ്രീകൃഷ്ണപുരത്ത് അബ്കാരിയായ മുന്ന കൊല്ലപ്പെട്ടത്. കാറിനുള്ളിൽ സ്പിരിറ്റും പാം ഓയിലും ഒഴിച്ച് തീ കൊളുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ആത്മഹത്യയെന്ന് എഴുതിത്തള്ളാൻ ശ്രമിച്ചെങ്കിലും, ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് സി ബി ഐ ഏറ്റെടുക്കുകയായിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന മുൻ എം എൽ എ പി കുമാരനെ കേസിന്റെ തുടക്കത്തിൽ തന്നെ അന്വേഷണസംഘം ഒഴിവാക്കിയിരുന്നു. ദീർഘകാലം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ സി ബി ഐ കോടതി വെറുതേവിട്ടിരിക്കുന്നത്.
