Asianet News MalayalamAsianet News Malayalam

സുബൈർ വധം: കൊലയാളി സംഘമെത്തിയ കാര്‍ നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റേത്?

കെ എൽ 11 എ ആർ 641 എന്ന നമ്പറിലുള്ള ഇയോൺ കാർ ഉപയോഗിച്ചാണ് സുബൈറും പിതാവും സഞ്ചരിച്ച ബൈക്കിനെ അക്രമികൾ ഇടിച്ചുവീഴ്ത്തിയത്

Palakkad Subair Murder case Sanjith's car number found in attackers abandoned car
Author
Kuthiathodu, First Published Apr 15, 2022, 3:39 PM IST

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത്. സുബൈറിനെ കൊലപ്പെടുത്താൻ വന്ന സംഘം ഉപയോഗിച്ച ഇയോൺ കാറിന്റെ നമ്പർ, മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ബിജെപി- ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തി. ഈ കാർ കൊലയാളി സംഘം കുത്തിയതോട് തന്നെ ഉപേക്ഷിച്ചിരുന്നു. ഇതിപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്.

കെ എൽ 11 എ ആർ 641 എന്ന നമ്പറിലുള്ള ഇയോൺ കാർ ഉപയോഗിച്ചാണ് സുബൈറും പിതാവും സഞ്ചരിച്ച ബൈക്കിനെ അക്രമികൾ ഇടിച്ചുവീഴ്ത്തിയത്. പിന്നീട് കുത്തിയതോട് തന്നെ ഈ കാർ പ്രതികൾ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പൊലീസ് പരിശോധനയിലാണ് ഈ കാർ സഞ്ജിത്തിന്റേതാണെന്ന് വ്യക്തമായത്.

ഇയോൺ കാറിന് പുറമെ ഗ്രേ നിറത്തിലുള്ള വാഗൺ ആർ കാറുമാണ് അക്രമി സംഘം ഉപയോഗിച്ചത്. ഗ്രേ കളർ വാഗൺ ആർ കാറിൽ പ്രതികൾ രക്ഷപ്പെട്ടതായാണ് സംശയം. പാലക്കാട് എലപ്പുള്ളിയിലാണ് സുബൈറിനെ ഇന്ന് ഉച്ചയോടെ വെട്ടിക്കൊലപ്പെടുത്തിയത്. 47 വയസായിരുന്നു. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.

പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്.  പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. നിരവധി തവണ സുബൈറിനെ വെട്ടിയതായാണ് വിവരം. സുബൈർ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക പ്രവർത്തകനാണ്. സുബൈറിന്റെ ശരീരത്തിൽ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പകവീട്ടലാണോ ഇതെന്ന് സംശയം ഉയർന്നിട്ടുണ്ട്. സുബൈറിനെ തന്നെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയത്. ഇദ്ദേഹത്തിന്റെ പിതാവിനെ അക്രമികൾ ആക്രമിച്ചിട്ടില്ല. പാലക്കാട് എലപ്പുള്ളി ജങ്ഷനിൽ പട്ടാപ്പകൽ നടന്ന കൊലപാതകം നാടിനെ നടുക്കി.

പകവീട്ടിലെന്ന് സംശയിച്ച് എംഎൽഎ

 പകവീട്ടലാണെന്ന് സംശയിക്കുന്നതായി മലമ്പുഴ എം എൽ എയും മുതിർന്ന സിപിഎം നേതാവുമായ എ പ്രഭാകരൻ. നാട്ടിലെ സമാധാനം തകർക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് മമ്പറത്ത് മുൻപ് നടന്ന കൊലപാതകവുമായി ഇപ്പോഴത്തെ കൊലപാതകത്തിന് ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

'വിഷു ദിവസത്തിൽ ഇങ്ങിനെയൊരു അക്രമം നടന്നതിനെ ശക്തമായി അപലപിക്കുന്നു. അക്രമം വ്യാപിക്കാതിരിക്കാൻ മുൻകരുതലെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടും. പച്ചമനുഷ്യനെ വെട്ടിക്കൊലപ്പെടുത്തിയത് എന്ത് രാഷ്ട്രീയമാണ്? മുൻപ് ഒരു അക്രമം നടന്നതിന്റെ പകവീട്ടലാകാനാണ് സാധ്യത. തനിക്കിതേപ്പറ്റി കൃത്യമായി അറിയില്ല. പള്ളിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് അറിഞ്ഞത്. മമ്പറത്ത് വെച്ച് ഒരു അക്രമം നടന്നതിന്റെ പേരിലാണ് ഈ കൊലപാതകം എന്ന് സംശയിക്കുന്നു. അക്രമികൾ തേടുന്നയാളെ കിട്ടാതാവുമ്പോൾ കിട്ടുന്നവനെ കൊലപ്പെടുത്തുന്ന രീതിയാണ്. വളരെയേറെ മോശമാണ് ഇത്തരം അക്രമങ്ങളെന്നും സിപിഎം സംസ്ഥാന നേതാവ് കൂടിയായ എ പ്രഭാകരൻ വിമർശിച്ചു.

Follow Us:
Download App:
  • android
  • ios