യുവ നടിയുടെ പരാതിയിൽ പൊലീസ് നടപടി എടുത്തിട്ടുണ്ടെന്നും ഇരകൾക്ക് നീതി ലഭിക്കണമെന്നും രമേഷ് പിഷാരടി. നടക്കാൻ പാടില്ലാത്ത സംഭവമാണ്. ഇന്റേണൽ കമ്മിറ്റിക്ക് ശിക്ഷ നൽകാൻ കഴിയില്ല. ഒരു ഫസ്റ്റ് എയ്ഡ് എന്ന നിലയിൽ മാത്രമെ അതിനെ കാണാൻ കഴിയൂവെന്നും രമേഷ് പിഷാരടി

പാലക്കാട്: സംവിധായകൻ രഞ്ജിത്തിനെതിരായ യുവനടിയുടെ പീഡന പരാതിയിൽ പ്രതികരണവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയും നടനുമായ രമേഷ് പിഷാരടി. പരാതിയിൽ പൊലീസ് നടപടി എടുത്തിട്ടുണ്ടെന്നും ഇരകൾക്ക് നീതി ലഭിക്കണമെന്നും രമേഷ് പിഷാരടി പറഞ്ഞു. നടക്കാൻ പാടില്ലാത്ത സംഭവമാണ്. ഇന്റേണൽ കമ്മിറ്റിക്ക് ശിക്ഷ നൽകാൻ കഴിയില്ല. ഒരു ഫസ്റ്റ് എയ്ഡ് എന്ന നിലയിൽ മാത്രമെ അതിനെ കാണാൻ കഴിയൂവെന്നും അതിന് പരിമിതി ഉണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു. ഇന്നലെ രാത്രിയാണ് നടിയുടെ പീഡന പരാതിയിൽ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. കാരവാനിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവനടിയുടെ പരാതി. 

Add Asianetnews as a Preferred SourcegooglePreferred

രഞ്ജിത്തിനെതിരെ ഉയരുന്നത് മൂന്നാമത്തെ പീഡന കേസ്

സംവിധായകൻ രഞ്ജിത്തിനെതിരെ ഉയരുന്നത് മൂന്നാമത്തെ പീഡന കേസ്. നേരത്തെ സമാനമായ രണ്ടു കേസുകൾ രഞ്ജിത്തിനെതിരെ ഉയർന്നിരുന്നു. രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നും ബംഗാളി നടി 2024 ‍ൽ വെളിപ്പെടുത്തിയിരുന്നു. 2009-ൽ 'പാലേരി മാണിക്യം' സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു സംഭവം എന്നായിരുന്നു ആരോപണം.

ഈ കേസിൽ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ നൽകി. എന്നാൽ കേസ് കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. 2009ൽ നടന്ന സംഭവത്തിൽ കേസെടുക്കുന്നതിന് മജിസ്ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി. 2012 ൽ ബെംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ച് സംവിധായകൻ രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നൽകിയിരുന്നു.'ബാവുട്ടിയുടെ നാമത്തിൽ' സിനിമയുടെ ലൊക്കേഷനിൽ വെച്ച് പരിചയപ്പെട്ട ശേഷം ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും നഗ്നചിത്രങ്ങൾ എടുത്തെന്നും യുവാവ് മൊഴി നൽകി. ഈ ആരോപണത്തിൽ രഞ്ജിത്തിനെതിരെ എറണാകുളം നോർത്ത് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പരാതി നൽകിയതിൽ ഉണ്ടായ 12 വർഷത്തെ കാലതാമസം ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതി 2025 ജൂലൈയിൽ ഈ കേസ് റദ്ദാക്കുകയായിരുന്നു. ഈ രണ്ടു കേസിന് പിന്നാലെയാണ് മൂന്നാമതൊരു കേസ് കൂടി രഞ്ജിത്തിനെതിരെ എത്തുന്നത്. കാരവാനിൽ വെച്ച് ലൈം​ഗിക അതിക്രമം നേരിട്ടെന്നാണ് നടിയുടെ പരാതി.

YouTube video player