കൊച്ചി: ഒരുമാസം നീളുന്ന തുടർ സമരത്തിന്‍റെ ഭാഗമായി ഇന്ന് പാലാരിവട്ടം പാലത്തിൽ ഇടത് മുന്നണിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തും. രാവിലെ കലൂർ മുതൽ പാലാരിവട്ടം വരെ റീത്തുമായാണ് മാർച്ച്. ഇബ്രാഹിം കുഞ്ഞിനെതിരെ സമഗ്ര അന്വേഷണം നടത്തുക, പാലം പുനർ നിർമ്മാണത്തിനുള്ള ചെലവ് അദ്ദേഹത്തിൽ നിന്ന് ഈടാക്കുക, എംഎൽഎ സ്ഥാനം രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും എൽഡിഎഫ് മുന്നോട്ടു വയ്ക്കുന്നുണ്ട്. ഈ മാസം 30 വരെ പാലാരിവട്ടം പാലത്തിൽ തുടർ സമരപരമ്പരയാണ് ഇടത് മുന്നണി നടത്തുന്നത്. കുന്നുകരയിൽ നിന്ന് ലോംഗ് മാർച്ചും തീരുമാനിച്ചിട്ടുണ്ട്.

എറണാകുളം നിയമസഭ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, പാലം  അഴിമതികൾ യുഡിഎഫിനെതിരായ രാഷ്ട്രീയ ആയുധമാക്കുക കൂടിയാണ് ഇടത് മുന്നണി. പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ ക്രമക്കേട് നടന്നെങ്കിൽ അതിനുത്തരവാദികൾ ഉദ്യോഗസ്ഥരാണെന്നാണ്  ഇബ്രാഹിം കുഞ്ഞ് ആവർത്തിക്കുന്നത്.

വിജിലൻസ് അന്വേഷണവും ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ്. ഈ ഘട്ടത്തിലാണ്  ഇബ്രാഹിം കുഞ്ഞിന്‍റെ രാജി അടക്കം ആവശ്യപ്പെട്ട് ഇടത് മുന്നണി തുടർ സമരം ആരംഭിക്കുന്നത്. പാലം പുതുക്കി പണിയാനുള്ള തുക  ഇബ്രാഹിം കുഞ്ഞിൽ നിന്ന്  ഈടാക്കണമെന്നാണ് ആവശ്യം. 

പാലാരിവട്ടം പാലം അഴിമതിക്ക് പുറമെ  ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ നിർമ്മിച്ച കുണ്ടന്നൂർ നെട്ടൂർ പാലം അഴിമതിയിലും അന്വേഷണം ആവശ്യപ്പെടുന്നതിലൂടെ വിഷയം യുഡിഎഫിനെതിരായ രാഷ്ട്രീയ  ആയുധമാക്കുകയാണ് ഇടത് ക്യാമ്പ്.