കൊച്ചി: പാലാരിവട്ടംപാലം പുനര്‍ നിര്‍മ്മാണത്തെ തുടര്‍ന്ന് ഞായറാഴ്ച മുതൽ ഭാഗികഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ഡിസിപി ജി. പൂങ്കുഴലി.  
ശനിയാഴ്ച വരെ പ്രത്യേകഗതാഗത നിയന്ത്രണങ്ങളില്ല. അതിന് ശേഷം സിഗ്നൽ ജംഗ്ഷനിൽ പാലത്തിന് അടിയിലൂടെ വാഹനങ്ങൾ കടത്തിവിട്ടില്ല. പാലത്തിന് സമീപത്തുകൂടി വാഹനങ്ങൾക്ക് പതിവ് പോലെ പോകാം. പാലം കഴിഞ്ഞ് കൂടുതൽ യു ടേണുകൾ ഉൾപ്പെടുത്തും. ഒരാഴ്ച ഇത്തരത്തിലുള്ള നിയന്ത്രണമേര്‍പ്പെടുത്തും. അതിന് ശേഷം സാഹചര്യങ്ങൾ പഠിച്ച് തുടർ തീരുമാനങ്ങൾ എടുക്കുമെന്നുമെന്നും ഡിസിപി അറിയിച്ചു.

കൊച്ചി പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ 661 മീറ്റര്‍ ദൂരം വരുന്ന പാലത്തിന്‍റെ ടാറ് ഇളക്കി മാറ്റുന്ന പ്രവര്‍ത്തികളാണ് നടക്കുന്നത്. നാല് ദിവസം കൊണ്ട് ഈ ജോലി പൂർത്തിയാകും. തുടർന്ന് ഗർഡറുകൾ ഇളക്കി മാറ്റും. ഇത് പൂര്‍ത്തിയാക്കാൻ ഏകദേശം രണ്ടര മാസത്തോളം എടുത്തേക്കും. പാലത്തിന്‍റെ കോൺക്രീറ്റ് അവശിഷ്ടങ്ങള്‍ മുട്ടത്തുള്ള ഡിഎംആര്‍സി യാഡുകളിലേക്കാണ് മാറ്റുക. അതിന് ശേഷമാകും തൂണുകൾ ബലപ്പെടുത്തുന്ന നടപടികൾ ആരംഭിക്കുക. ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പാലം പണിയുന്നത്.