കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കേസ്സിലെ പ്രതികളായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് ഉൾപ്പെട നാല് പേരെ ഈ മാസം 19 വരെ വിജിലൻസ് കോടതി ഇന്നലെ റിമാൻഡ് ചെയ്തിരുന്നു.

കരാറുകാരായ ആർഡിഎസ് പ്രോജക്ടസിന്റെ എംഡി സുമിത് ഗോയൽ, കിറ്റ്കോ ജനറൽ മാനേജർ ബെന്നി പോൾ, റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ പി ഡി തങ്കച്ചൻ എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾ. കരാറുകാരന് അമിതലാഭം ഉണ്ടാക്കുന്നതിനായി പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

ഇതിന് പുറമെ അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളും പ്രതികൾക്കുമെതിരെ ചുമത്തിയിട്ടുണ്ട്. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പടെ കേസിലാകെ 17 പ്രതികളാണുള്ളത്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും വിജിലൻസ് ചോദ്യം ചെയ്തിരുന്നു.