കൊച്ചി: നിർമാണത്തിലെ ക്രമക്കേടിലൂടെ വിവാദമായ പാലാരിവട്ടം മേല്‍പാലത്തിന്‍റെ പ്രാഥമിക അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലേക്ക്. ആദ്യഘട്ട  അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കി ജൂൺ 1ന് പാലം താല്‍കാലികമായി ഗതാഗതത്തിന് തുറന്നുനല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു.

അറ്റകുറ്റപ്പണികൾ പൂർണമായും പൂർത്തിയാകുന്നതുവരെ പാലം അടയ്ക്കാനാണ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോർപ്പറേഷന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന പാലം മഴക്കാലത്ത് അടച്ചാല്‍ ഗതാഗതകുരുക്ക് രൂക്ഷമാകുമെന്നതിനാല്‍ പ്രാഥമിക അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കി താല്‍കാലികമായി പാലം തുറക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. 

അറ്റകുറ്റപ്പണികളുടെ ആദ്യ ഘട്ടത്തില്‍ പാലത്തിലെ റീടാറിംഗ് ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. ജോയിന്‍റുകളിലെ കോൺക്രീറ്റ് ജോലികളാണ് നിലവില്‍ പുരോഗമിക്കുന്നത്. ജൂൺ 1ന് മുന്‍പ് അറ്റകുറ്റപണികള്‍ പൂർത്തിയാക്കി മദ്രാസ് ഐഐടി സംഘത്തിന്‍റെ പരിശോധനയ്ക്കുശേഷമാണ് പാലം താത്കാലികമായി തുറന്നുനല്‍കുക.

എക്സ്പാന്‍ഷന്‍ ജോയിന്‍റുകള്‍ പഴയരീതിയിലേക്ക് മാറ്റുന്ന നടപടികളും ബെയറിംഗ് സ്ഥാപിച്ച് പാലം ബലപ്പെടുത്തുന്ന നടപടികളുമാണ് അടുത്തഘട്ടത്തില്‍ നടക്കുക. ഇതിനായി മഴക്കാലത്തിനുശേഷം 3 മാസം പാലം അടച്ചിടാനാണ് തീരുമാനം. പാലം നിർമാണത്തിലെ ക്രമക്കേട് സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് അധികം വൈകാതെ തന്നെ വിജിലന്‍സ് ഡയറക്ടർക്ക് സമർപ്പിക്കുമെന്ന് അന്വേഷണം സംഘം അറിയിച്ചു.