കൊച്ചി: മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ അഴിമതി കേസിൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് വിജിലൻസ്. പാലാരിവട്ടം മേൽപ്പാലവുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് സർക്കാർ അനുമതി ലഭിക്കാത്തത്.

കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വിജിലൻസ് ഇക്കാര്യം പറഞ്ഞത്. അഴിമതി നിരോധന നിയമപ്രകാരം മുൻമന്ത്രിയായ വികെ ഇബ്രാഹിംകുഞ്ഞിനെതിരെ കേസ് അന്വേഷിക്കണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.

എന്നാൽ മൂന്നാഴ്ചയോളമായി വിജിലൻസ് ഇതിനുള്ള അപേക്ഷ ആഭ്യന്തര വകുപ്പിന് കൈമാറിയിട്ട്. സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. അനുമതി ലഭിച്ചാൽ ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും വിജിലൻസ് സത്യവാങ്മൂലത്തിൽ പറയുന്നു.  പാലാരിവട്ടം പാലം അഴിമതിയിലെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പൊതു പ്രവർത്തകൻ ആയ ഗിരീഷ് ബാബു ആണ് ഹൈക്കോടതിയെ സമീപിച്ചത്.