പലസ്തീൻ വിഷയം; നിലപാട് തിരുത്തണമെന്ന് പ്രിയങ്ക, കോൺഗ്രസിന്റെ പ്രതിഷേധത്തിന് ഹൈക്കമാന്റിന്റെ പച്ചക്കൊടി
ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാടിനെ തെറ്റായി വ്യഖ്യാനിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഎം നോക്കുന്നതെന്ന് എഐസിസി നേതാക്കൾ വ്യക്തമാക്കി. പലസ്തീൻ ജനതയ്ക്കെതിരായ നിലപാട് തിരുത്തണമെന്ന് പ്രിയങ്ക ഗാന്ധി തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നേതാക്കൾ വിശദീകരിച്ചു.

ദില്ലി: പലസ്തീൻ വിഷയത്തിൽ കേരളത്തിൽ കോൺഗ്രസിന്റെ പ്രതിഷേധ പരിപാടികൾക്ക് പച്ചക്കൊടി കാട്ടി ഹൈക്കമാൻഡ്. ഡിസിസി തലത്തിൽ ഇക്കാര്യത്തിൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കോഴിക്കോട്ടുൾപ്പടെ പ്രതിഷേധ സംഗമം ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാടിനെ തെറ്റായി വ്യഖ്യാനിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഎം നോക്കുന്നതെന്ന് എഐസിസി നേതാക്കൾ വ്യക്തമാക്കി. പലസ്തീൻ ജനതയ്ക്കെതിരായ നിലപാട് തിരുത്തണമെന്ന് പ്രിയങ്ക ഗാന്ധി തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നേതാക്കൾ വിശദീകരിച്ചു.
പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ കോൺഗ്രസ്-ലീഗ് ബന്ധത്തിലെ വിള്ളലകറ്റാൻ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പാണക്കാടെത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരനും പാണക്കാടെത്തും. വൈകുന്നേരം നാലോടെയായിരിക്കും സുധാകരനെത്തുക.
പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലേക്ക് സിപിഎം മുസ്ലിം ലീഗിനെ ക്ഷണിച്ചിരുന്നു. ഇതേച്ചൊല്ലി കോൺഗ്രസിൽ ആശയകുഴപ്പമുണ്ടായിരുന്നു. പരസ്യമായി ഇക്കാര്യം പറയുന്നില്ല. സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് പൂർണമായും ബഹിഷ്കരിക്കുന്നത് അടക്കം മുസ്ലിം ലീഗിന് കോൺഗ്രസിന്റെ നിലപാടല്ല ഉള്ളത്. എന്നാൽ മുന്നണിയുടെ കെട്ടുറപ്പ് ബാധിക്കാതിരിക്കാൻ പരസ്യമായ വാക്പോരിലേക്ക് നേതാക്കൾ ഇതുവരെ എത്തിയതുമില്ല.
'സൗഹൃദ സന്ദർശനം, ലീഗുമായി അഭിപ്രായ വ്യത്യാസമില്ല'; വിഡി സതീശൻ
നേരത്തെ പലപ്പോഴായി അഭിപ്രായ വ്യത്യാസം ഉണ്ടായെങ്കിലും ഇത്തരത്തിൽ ചർച്ച നടത്തിയിരുന്നില്ല. നേരത്തെ എകെ ആന്റണിയും ഉമ്മൻ ചാണ്ടിയും അടക്കമുള്ള നേതാക്കൾ മുസ്ലിം ലീഗ് നേതാക്കളെ സന്ദർശിച്ച് പല അഭിപ്രായ ഭിന്നതകളും സംസാരിച്ച് തീർക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ കെ സുധാകരനും വിഡി സതീശനും കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിൽ എത്തിയതിൽ പിന്നെ അത്തരത്തിൽ ഉപചാരങ്ങൾ ഉണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ മുസ്ലിം ലീഗ് നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ട്.
പലസ്തീൻ റാലിയിലേക്കുള്ള സിപിഎം ക്ഷണം ചർച്ച ചെയ്യാനുള്ള യോഗം ലീഗ് ഉപേക്ഷിച്ചിരുന്നു. എന്നാലും ലീഗിന് ഈ വിഷയത്തിൽ രണ്ട് മനസുണ്ടെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. ഈ സാഹചര്യത്തിൽ വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുള്ള കൂടിക്കാഴ്ചയാണ് പാണക്കാട് നടന്നത്.
https://www.youtube.com/watch?v=Ko18SgceYX8