തിരുവനന്തപുരം: പമ്പയിലെ മണലെടുപ്പിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ. അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം സർക്കാർ തളളി. മണൽനീക്കം ദുരന്തനിവാരണ നിയമപ്രകാരമുളള നടപടിയെന്നാണ് സർക്കാർ വിശദീകരണം.

പ്രളയത്തെ തുടർന്ന് അടിഞ്ഞുകൂടിയ മണ്ണ് പമ്പ ത്രിവേണിയിൽ നിന്ന് നീക്കം ചെയ്യാൻ കേരള ക്ലേയ്സ് ആന്റ് സെറാമിക്സ് പ്രൊഡക്ട്സ് ലിമിറ്റ‍ഡിന് അനുമതി നൽകിയിരുന്നു. അനുമതിയുടെ മറവിൽ ക്ലേസ് ആന്‍റ് സെറാമിക്സ് സ്വകാര്യ കമ്പനികൾക്ക് മണൽ മറിച്ച് വിൽക്കുന്നുവെന്നായിരുന്നു ആക്ഷേപം. അനുമതി നൽകിയുള്ള പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിയിൽ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപം ഉയര്‍ത്തിയത്. 

ആരോപണം ഉയർന്നതോടെ മണൽ കൊണ്ടുപോകരുതെന്ന് കാണിച്ച് വനം വകുപ്പും ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകിയ കത്താണ് സർക്കാർ തളളിയത്. ദുരന്ത നിവാരണ നിയമ പ്രകാരം പമ്പയിലെ സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കാനും ജലസംഭരണശേഷി കൂട്ടാനും മണൽ നീക്കം ചെയ്യണമെന്നാണ് സർക്കാർ വിശദീകരണം. ഭാവിയിൽ പ്രളയസാധ്യത ഒഴിവാക്കുന്നതിനാണ്, മണൽ മാറ്റണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ എന്ന നിലയിൽ കളക്ടർ അനുമതി നൽകിയതെന്നും സർക്കാർ വിജിലൻസ് ഡയറക്ടർക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നു. 

മുൻ ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്നതിന് തലേന്ന് ഹെലികോപ്റ്ററിൽ പമ്പയിലെത്തി മണൽനീക്കം പരിശോധിച്ചത് വിവാദമായിരുന്നു. വിവാദത്തെ തുടർന്ന് മണൽ ക്ലേയ്സ് ആന്റ് സെറാമിക്സിന് നൽകാനുളള തീരുമാനം സർക്കാർ പിൻവലിച്ചിരുന്നു. നദിയിൽ നിന്നെടുത്ത മണൽ പമ്പയിൽ സർക്കാർ ഉടമസ്ഥതയിലുളള സ്ഥലത്തേക്കാണ് മാറ്റിയത്. വിജിലൻസ് അന്വേഷണമെന്ന ആവശ്യം സർക്കാർ തളളിയതോടെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.