ജനകീയ ആസൂത്രണത്തിന്‍റെ രജത ജൂബിലിയോട് അനുബന്ധിച്ചാണ് പഞ്ചായത്ത് ഭരണ സമിതിയുടെ സുപ്രധാന തീരുമാനം. ജനങ്ങൾക്ക് വേണ്ട സേവനങ്ങൾക്കായുള്ള ഫോറത്തിൽ ഇനി മുതൽ അപേക്ഷിക്കുന്നു എന്ന വാക്ക് വേണ്ട.

കോട്ടയം: പഞ്ചായത്തിലെ സേവനങ്ങൾക്കായി ജനങ്ങൾ ഇനി മുതൽ അപേക്ഷിക്കേണ്ട, താൽപര്യപ്പെട്ടാൽ മതി. ജനസേവനത്തിൽ പുതിയ മാതൃക തീർക്കുകയാണ് കോട്ടയത്തെ പനച്ചിക്കാട് പഞ്ചായത്ത്. 

YouTube video player

ജനകീയ ആസൂത്രണത്തിന്‍റെ രജത ജൂബിലിയോട് അനുബന്ധിച്ചാണ് പഞ്ചായത്ത് ഭരണ സമിതിയുടെ സുപ്രധാന തീരുമാനം. ജനങ്ങൾക്ക് വേണ്ട സേവനങ്ങൾക്കായുള്ള ഫോറത്തിൽ ഇനി മുതൽ അപേക്ഷിക്കുന്നു എന്ന വാക്ക് വേണ്ട. പകരം ഭരണാധികാരികളുടെ പരമാധികാരികളായ ജനം താൽപര്യപ്പെട്ടാൽ മതി. അല്ലെങ്കിൽ നിർദ്ദേശിച്ചാൽ മതി. അപേക്ഷാ ഫോറത്തിന്‍റെ പേര് തന്നെ പഞ്ചായത്തിൽ ഇനി മുതൽ ആവശ്യ പത്രിക എന്നാകും.

ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിയ രീതി എന്നേ മാറ്റേണ്ടാതായിരുന്നു എന്നാണ് യുഡിഎഫ് ഭരണ സമിതിയുടെ ഏകാഭിപ്രായം. സർക്കാർ ജീവനക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയൊരു പൊളിച്ചെഴുത്താണ് ആഗ്രഹം. സംസ്ഥാന സർക്കാർ തന്നെ ഈ മാതൃക ഏറ്റെടുക്കണമെന്നും പനച്ചിക്കാട് പഞ്ചായത്ത് ആവശ്യപ്പെടുന്നു.