Asianet News MalayalamAsianet News Malayalam

ചാക്കോ വധത്തിന് കാരണമായ സുകുമാരക്കുറുപ്പിന്‍റെ ബംഗ്ലാവ് വില്ലേജ് ഓഫീസാക്കണം: സര്‍ക്കാരിനോട് പഞ്ചായത്ത്

ഉടമസ്ഥാവകാശത്തിനായി സുകുമാരക്കുറുപ്പിന്റെ കുടുംബം നടത്തിയ നിയമപോരാട്ടം രേഖകൾ കൃത്യമല്ലാത്തതിനാൽ പരാജയപ്പെട്ടു

Panchayat wants Kerala govt to take over Sukumara Kurup banglow kgn
Author
First Published Feb 1, 2024, 6:51 AM IST

ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ആലപ്പുഴയിലെ ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പഞ്ചായത്ത്. വാടകക്കെട്ടിടത്തിൽ കഴിയുന്ന വില്ലേജ് ഓഫീസിനായി ബംഗ്ളാവ് ഏറ്റെടുത്ത് കൈമാറണം എന്നാവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സര്‍ക്കാരിന് കത്ത് നല്‍കി. 40 കൊല്ലം മുൻപ് ഈ ബംഗ്ലാവിന്‍റെ നിര്‍മാണത്തിന് പണം കണ്ടെത്താനായിരുന്നു ഫിലിം റെപ്രസന‍്റേറ്റീവ് ചാക്കോയെ ,കാറിലിട്ട് ചുട്ടെരിച്ച് കൊന്നത്. 

ആലപ്പുഴ മെഡിക്കല്‍ കോളേജിന് എതിര്‍വശം 150 മീറ്റര്‍ ദൂരം പോയാല്‍ പ്രേതാലയം പോലെ കിടക്കുന്ന കെട്ടിടമാണിത്. 40 വര്‍ഷമായി ഉപയോഗ ശൂന്യമായി കിടക്കുകയാണ് ഈ കെട്ടിടം. സുകുമാരക്കുറുപ്പിനെ പോലെ അന്നും ഇന്നും ഏറെ ദുരൂഹതകള്‍ മൂടിപ്പുതച്ച് നിൽക്കുകയാണ് ഈ ഇരുനില ബംഗ്ലാവ്. ഈ കെട്ടിടത്തിന്‍റ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പണം തേടിയുള്ള മാവേലിക്കര കുന്നത്ത് കുറുപ്പിന്‍റെ ഓട്ടം അവസാനിച്ചത് ചാക്കോ എന്ന യുവാവിന്‍രെ ദാരുണ കൊലപാതകത്തിലായിരുന്നു. 

താന്‍ മരിച്ചുവെന്ന് കാട്ടി ,വിദേശ കമ്പനിയുടെ എട്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സുകുമാര കുറുപ്പ് കണ്ടെത്തിയ സ്വന്തം രൂപസാദൃശ്യമുള്ളയാളായിരുന്നു ചാക്കോ. സത്യം തിരിച്ചറിഞ്ഞപ്പോഴേക്കും കുറുപ്പ് മുങ്ങി. 40 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇയാൾ ജീവിപ്പിച്ചിരുപ്പുണ്ടോ എന്നു പോലും പൊലീസിന് അറിയില്ല. 

സുകുമാരക്കുറുപ്പ് പോയ അന്ന് മുതല്‍ ഈ കെട്ടിടവും അനാഥമായി. അവകാശമുന്നയിച്ച് കുറുപ്പിന്‍റെ കുടുംബം കേസ് കൊടുത്തെങ്കിലും രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ കേസ് വിജയിച്ചില്ല. ഇതോടെയാണ് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് രംഗത്തെത്തുന്നത്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അമ്പലപ്പുഴ വില്ലേജ് ഓഫീസിനായി സര്‍ക്കാര്‍ ഈ കെട്ടിടം ഏറ്റെടുത്ത് കൈമാറണം എന്നാണ് ആവശ്യം. ഇതിനായി നവകേരള സദസ്സിൽ വെച്ച് അപേക്ഷ നല്‍കുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios