കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎം നേതൃത്വത്തിലുള്ള ക്ഷേത്രഭരണ സമിതി കടല്‍ത്തീരം കയ്യേറി നടത്തിയ നിര്‍മാണം പൊളിച്ച് നീക്കാന്‍ നിര്‍ദേശം. പതിനഞ്ച് ദിവസത്തിനകം പൊളിച്ച് നീക്കണമെന്നാണ് മൂടാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ക്ഷേത്ര ഭരണസമിതിക്ക് കൊടുത്തിരിക്കുന്ന നോട്ടീസ്. കടല്‍ കയ്യേറിയുള്ള അനധികൃതനിര്‍മാണം ഏഷ്യാനെറ്റ്ന്യൂസ് പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് നടപടി.

പ്രദേശവാസി നൽകിയ പരാതിയില്‍ പഞ്ചായത്ത് കയ്യേറ്റം സ്ഥിരീകരിച്ചിരുന്നെങ്കിലും പൊളിച്ച് മാറ്റണമെന്ന നോട്ടീസ് കൈമാറിയത് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് ശേഷമായിരുന്നു. പൊളിച്ച് നീക്കാന്‍ നല്‍കിയ നോട്ടീസിൽ പൊതുവഴി തടസ്സപ്പെടുത്തി കയ്യേറി അനധികൃത നിര്‍മാണം നടത്തിയെന്ന് പഞ്ചായത്ത് സ്ഥിരീകരിക്കുന്നു. കേരളാ പഞ്ചായത്ത് രാജ് ആക്ട്, പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടം, തീരദേശ സംരക്ഷണ നിയമം എന്നിവയുടെ ലംഘനമാണെന്നും പഞ്ചായത്ത് കണ്ടെത്തി. നോട്ടീസ് കിട്ടി 15 ദിവസത്തിനകം നിര്‍മ്മാണം പൊളിച്ച് നീക്കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ പുറത്ത് വിട്ട വാർത്ത