കൊല്ലം: പിഎസ്‍സി റാങ്ക് പട്ടിക നിലനില്‍ക്കെ പഞ്ചായത്തുകളില്‍ ലൈബ്രേറിയൻമാരുടെ പിന്‍വാതില്‍ നിയമനം തകൃതി. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചശേഷം മാത്രം 355 താല്‍കാലിക ലൈബ്രേറിയൻമാരെയാണ് തിരക്കിട്ട് സ്ഥിരപ്പെടുത്തിയത്. റാങ്ക് പട്ടിക നിലവിലുള്ള കാര്യം അറിയില്ലെന്നാണ് പഞ്ചായത്ത് വകുപ്പ് അധികൃതരുടെ വിശദീകരണം

പഞ്ചായത്ത് ലൈബ്രേറിയൻ പരീക്ഷയിൽ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികകളിലെ ഒന്നാം റാങ്കുകാരാണ് വിദ്യയും രമ്യയും. പക്ഷേ ഇത് വരെ ജോലി കിട്ടിയിട്ടില്ല. നിയമനം നടക്കുമോ എന്നറിയാൻ തേരാ പാര കയറി ഇറങ്ങി നടക്കുകയാണ് ഇവർ. അപ്പോഴാണ് അറിഞ്ഞത്. റാങ്ക് പട്ടിക ഉള്ളകാര്യം പോലും അധികൃതര്‍ക്ക് അറിയില്ലായിരുന്നത്രേ. അതുകൊണ്ട് യോഗ്യത ഇല്ലാത്ത താല്‍കാലികക്കാരെ സ്ഥിരപ്പെടുത്തിയെന്ന്.

പഞ്ചായത്തുകളിലേക്കുള്ള ലൈബ്രേറിയൻമാരുടെ നിയമത്തിനായി 2016ലാണ് വിജ്ഞാപനമിറങ്ങിയത്. പരീക്ഷയും അഭിമുഖവും കഴിഞ്ഞ് കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ പട്ടിക പ്രസിദ്ധീകരിച്ചതാണ്. നിയമനം മാത്രം നടന്നില്ല.

സംസ്ഥാനത്താകെ പഞ്ചായത്തുകളുടെ കീഴിൽ 978 ലൈബ്രറികളാണുള്ളത്. പഞ്ചായത്ത് ഭരണ സമിതികള്‍ അവരുടെ രാഷ്ട്രീയ താല്‍പര്യത്തിനനുസരിച്ച് ഇഷ്ടക്കാരെ തിരുകി കയറ്റി സ്ഥിരപ്പെടുത്തുകയാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.