കണ്ണൂർ: ഈ ജൂൺ 30ന് കാലാവധി തീർന്ന കെഎപി നാലാം ബറ്റാലിയൻ റാങ്ക് ലിസ്റ്റിലെ പകുതി പേർക്കും നിയമനം കിട്ടിയില്ല. യൂണിവേഴ്സിറ്റി കോളേജ് കോപ്പിയ‍ടി വിവാദത്തിൽ 5 മാസം ലിസ്റ്റ് മരവിപ്പിച്ചതും ബറ്റാലിയൻ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും കാരണം ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടമാവുകയായിരുന്നു. 

സർക്കാർ കെടുകാര്യസ്ഥത കൊണ്ട് പണി കിട്ടിയ നൂറ് കണക്കിന് പേരുടെ പ്രതിനിധിയാണ് കണ്ണൂർ സ്വദേശിയായ ബസ് കണ്ടക്ടർ സുമിത്. ബസ് കഴുകി കിട്ടുന്ന പണം കൊണ്ടാണ് പ്ലസ്ടു വരെ സുമിത് പഠിച്ചത്. വീട്ടിലെ അവസ്ഥ പരുങ്ങലിലായതോടെ പഠിത്തം നിർത്തി കണ്ടക്ടറായി. ഡിസ്റ്റന്റായി പഠിച്ച് ഡിഗ്രിയെടുത്തു. സർക്കാർ ജോലി സ്വപ്നം കണ്ട് രാത്രി 1 മണിവരെ പൊതു വിഞ്ജാന പുസ്തകങ്ങളോട് മല്ലിട്ടാണ് റാങ്ക് ലിസ്റ്റിൽ കയറിയത്. 

കെഎപി നാലാം ബെറ്റാലിയൻ റാങ്ക് ലിസ്റ്റിൽ കേറി കായിക ക്ഷമത പരീക്ഷയും പാസായി നിയമന ഉത്തരവ് കാത്തിരിക്കുമ്പോഴാണ് യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്തും കോപ്പിയടി വിവാദവും ലിസ്റ്റ് മരവിപ്പിക്കലും. പിന്നാലെ കൊവിഡും ആയതോടെ സർക്കാർ കാര്യം മുറപോലെയെന്നായി. പകുതിയിലധികം പേർക്കും നിയമനം ആകുന്നതിന് മുമ്പ് ലിസ്റ്റിന്റെ കാലാവധി തീർന്നു.

കണ്ണൂർ കാസർകോട് വയനാട് ജില്ലകൾ ഉൾപെട്ട കെഎപി നാലാം ബറ്റാലിയനിലേക്ക് 1880 പുരുഷ സിവിൽ പൊലീസ് ഓഫീസർമാരായിരുന്നു റാങ്ക് പട്ടികയിൽ ഉണ്ടായിരുന്നത്. കൊവിഡ് പശ്ചാത്തലം കൂടി ഉളളത്കൊണ്ട് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ സമരം നടത്തിയെങ്കിലും സർക്കാർ ചെവി കൊടുത്തില്ല.