പണിക്കൻകുടി സ്വദേശി സിന്ധുവിനെ കൊന്നുകുഴിച്ചുമൂടിയത് അയൽവാസിയായ ബിനോയ് തന്നെയെന്നാണ് പൊലീസ് ഏറെക്കുറെ ഉറപ്പിക്കുന്നത്.
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ കൊന്നുകുഴിച്ചുമൂടിയ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിയെന്ന് സംശയിക്കുന്ന ബിനോയ്ക്കായി അന്വേഷണം നടക്കുന്നത്.
പണിക്കൻകുടി സ്വദേശി സിന്ധുവിനെ കൊന്നുകുഴിച്ചുമൂടിയത് അയൽവാസിയായ ബിനോയ് തന്നെയെന്നാണ് പൊലീസ് ഏറെക്കുറെ ഉറപ്പിക്കുന്നത്. ഇയാളുടെ വീടിന്റെ അടുക്കളയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. കൊലനടന്ന ഓഗസ്റ്റ് 12ന് മുന്പ് സിന്ധുവും ബിനോയും തമ്മിൽ വാക്ക്തര്‍ക്കമുണ്ടായതായി ഇളയമകനും വെളിപ്പെടുത്തിയിരുന്നു. കൊലയ്ക്ക് ശേഷം തമിഴ്നാട്ടിലേക്കാണ് ബിനോയ് പോയത് എന്നാണ് പൊലീസ് നിഗമനം. അവസാനത്തെ ഫോണ്‍ ലോക്കേഷൻ കാണിച്ചത് അവിടെയാണ്. മൃതദേഹം ആസൂത്രിതമായി കുഴിച്ചിട്ട ബിനോയ് ഒളിക്കാനും വൻതന്ത്രങ്ങൾ മെനയുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പ്രതിയെ പിടികൂടാനായി വൻ സന്നാഹം തന്നെ ഒരുക്കിയിട്ടുണ്ട്.
ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള മൂന്ന് സംഘങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തുമായി അന്വേഷണം നടത്തും. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. അതേസമയം, പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സിന്ധുവിന്റെ മൃതദേഹം കാമാക്ഷിയിലെ സഹോദരന്റെ വീട്ടിലെത്തിച്ച് രാത്രി സംസ്കരിച്ചു. ശ്വാസം മുട്ടിച്ചാണ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
